കാരാട്: അറഫ ദിനത്തിൽ മക്കയിൽനിന്ന് കാണാതായ ഭർത്താവിനെക്കുറിച്ചുള്ള ശുഭവാർത്തയും പ്രതീക്ഷിച്ചിരിക്കുകയാണ് തിരുത്തിയാട് മണ്ണിൻകടവത്ത് മറിയംബിയും മക്കളും. കായലം സ്കൂൾ റിട്ട. അധ്യാപകൻ മണ്ണിൻകടവത്ത് മുഹമ്മദിന്റെ (74) തിരോധാനത്തിന് ഹജ്ജ് കർമം പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തരം ലഭിച്ചിട്ടില്ല.
ഹജ്ജ് അനുഷ്ഠാനങ്ങൾ അവസാനിക്കാനിരിക്കേ ജൂൺ 15ന് വൈകീട്ട് മൂന്നുമണിയോടെയാണ് മുഹമ്മദിനെ കാണാതായത്. ടെന്റിന് പുറത്തിറങ്ങിയ മറിയംബി ഭർത്താവിനെ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല. തൊട്ടടുത്തുണ്ടായിരുന്നവരും സമീപ സ്ഥലങ്ങളിലെല്ലാം തിരഞ്ഞെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് രാപാർക്കാനായി മുസ്ദലിഫയിലേക്ക് പോവുകയായിരുന്നു.
അടുത്ത ദിവസങ്ങളിലും കണ്ടെത്താനാവാത്തതിനാൽ, കുവൈത്തിലുള്ള മകൻ റിയാസ് മക്കയിലെത്തി അന്വേഷണം തുടങ്ങി. അന്വേഷണ കൗണ്ടറുകളിലും ആശുപത്രികളിലുമെല്ലാം പരതിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല.
ഇതിനിടെ അറഫയിലെ ക്ലീനിങ് ജീവനക്കാർക്ക് മുഹമ്മദിന്റെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ ക്ഷീണിതനായി അറഫ മൈതാനിയിൽ ഒറ്റപ്പെട്ട നിലയിൽ നിന്നിരുന്നതായി തൊഴിലാളികൾ പറഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചുവെങ്കിലും തുടർവിവരങ്ങളൊന്നും ലഭിച്ചില്ല.
ഈ അന്വേഷണത്തിനിടയിലാണ് സൗദിയിലെ ഏതോ സൈനിക ആശുപത്രിയിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന സന്ദേശം പരന്നത്. സന്ദേശത്തിന്റെ പിറകെ പോയെങ്കിലും കൂടുതൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ആശുപത്രികളിൽ പരിക്കേറ്റവരേയും മോർച്ചറികളിൽ സൂക്ഷിച്ച മയ്യിത്തുകളുമൊക്കെ ബന്ധുക്കൾ പരിശോധിച്ചിരുന്നു. ആളെ തിരിച്ചറിയാതെ ഖബറടക്കിയ മൃതദേഹങ്ങളുടെ ഡി.എൻ.എയും മകന്റെ ഡി.എൻ.എയുമായി താരതമ്യം നടത്തി.
എല്ലാ അന്വേഷണങ്ങളും വഴിമുട്ടിയതോടെ റിയാസ് ഉമ്മയേയുമായി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹജ്ജ് കമ്മിറ്റി വഴിയാണ് മുഹമ്മദും ഭാര്യയും ഹജ്ജിന് പോയത്. ഭർത്താവിനെ കണ്ടെത്താനുള്ള നടപടികൾക്ക് മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഹജ്ജ് കമ്മിറ്റിക്കുമെല്ലാം മറിയംബി പരാതി നൽകിയിട്ടുണ്ട്. ഹാജിമാരുടെ മടക്കം പൂർത്തിയാവുമ്പോഴെങ്കിലും ഭർത്താവിനെക്കുറിച്ചുള്ള ശുഭവാർത്ത തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിൽതന്നെയാണ് മറിയംബിയും മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.