കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ പ്രതി അറ്റൻഡർ ശശീന്ദ്രനെതിരായ വകുപ്പുതല നടപടി അന്തിമ ഘട്ടത്തിലേക്ക്. നിലവിൽ സസ്പെൻഷനിലുള്ള പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നോട്ടീസ് നൽകുകയും ഇയാൾ സമർപ്പിച്ച മറുപടി അടക്കം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.
കഴിഞ്ഞ മാസമാണ് പ്രതി രണ്ടുതവണകളിലായി നൽകിയ മറുപടി അടക്കം മെഡിക്കൽ കോളജ് അധികൃതർ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സസ്പെൻഷനിലായ പ്രതിയുടെ കാര്യത്തിൽ ആറു മാസത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കിൽ പ്രതിയുടെ സസ്പെൻഷൻ കാലാവധി നീട്ടേണ്ടിവരും.
ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങൾ ഊർജിതമാക്കുന്നത്. കേസിൽ പ്രതിക്കെതിരെ പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതി മെഡിക്കൽ കോളജിലെത്തി സാക്ഷികളെ അടക്കം സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
അതേസമയം കേസിൽ നീതി വൈകുന്ന പക്ഷം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ സമരമിരിക്കുമെന്ന് അതിജീവിത അറിയിച്ചു. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ജീവനക്കാർക്കെതിരായ അന്വേഷണ റിപ്പോർട്ട് അടക്കമുള്ളവ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് വിവരാവകാശ അപേക്ഷ നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ആരോഗ്യമന്ത്രിയും ഡി.എം.ഒയും കൂടെയുണ്ടെന്ന് വാക്കാൽ പറയുകയല്ലാതെ മുൻ പ്രിൻസിപ്പലിനും, താൻ നൽകിയതിൽനിന്ന് വിരുദ്ധമായി പൊലീസിന് മൊഴി നൽകിയ ഡോ. പ്രീതിക്കെതിരെയും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ മാസം നാലുമുതൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ സമരമിരിക്കുമെന്നും അതിജീവിത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.