മേപ്പയൂർ: ചെറുവണ്ണൂർ പവിത്രം ജ്വല്ലറി വർക്സിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാളെ ബിഹാറിൽനിന്ന് മേപ്പയൂർ പൊലീസ് പിടികൂടി. കിഷൻ ഗഞ്ച് ദിഗൽ ബങ്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ മങ്കുര ബാൽവാടങ്കി ഹൗസിൽ മുഹമ്മദ് മിനാർ ഉൽഹഖ് (24) ആണ് അറസ്റ്റിലായത്.
ജൂലൈ ആറിനാണ് കവർച്ച നടക്കുന്നത്. കവർച്ചക്ക് ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഇസാഖ് മാംഗുരയെ പിടികിട്ടിയിട്ടില്ല. ഇയാൾ മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ ജോലി ചെയ്തുവരുകയായിരുന്നു. ഇയാളുടെ നിർദേശാനുസരണം ജൂലൈ അഞ്ചിന് ബിഹാറിൽനിന്ന് മുഹമ്മദ് മിനാർ ഉൽഹഖ് മുയിപ്പോത്ത് എത്തുകയും ജൂലൈ ആറിന് പുലർച്ച ഇരുവരും ചേർന്ന് ജ്വല്ലറിയുടെ പിന്നിലെ ചുമർ കുത്തിത്തുറന്ന് അകത്തുകടന്ന് 250 ഗ്രാമോളം സ്വർണവും അഞ്ച് കിലോഗ്രാം വെള്ളിയാഭരണങ്ങളും കവർന്ന് പുലർച്ചതന്നെ നാട്ടിലേക്ക് ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നു.
ഒരു തെളിവും അവശേഷിപ്പിക്കാത്ത കേസിൽ പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. മുയിപ്പോത്ത് സി.സി.ടി.വി കാമറയിൽ ആറിന് പുലർച്ച രണ്ടുപേർ നടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടർന്ന് ഈ കാലയളവിൽ നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുകയും ചെയ്തു. മുയിപ്പോത്ത് വാടകക്ക് താമസിച്ച രണ്ടുപേർ പോയതായി കണ്ടെത്തി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഇവർ പ്രതികളാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് അന്വേഷണസംഘത്തിലെ നാലുപേർ ബിഹാറിലേക്ക് തിരിച്ചു. കോഴിക്കോട് റൂറൽ എസ്.പിയുടെ നിർദേശപ്രകാരം പേരാമ്പ്ര ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്. മുൻ പേരാമ്പ്ര ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ചുമതലയേറ്റ ഡിവൈ.എസ്.പി വി.വി. ലതീഷ് അന്വേഷണത്തിന് നേതൃത്വം നൽകുകയുമായിരുന്നു.
നേപ്പാൾ അതിർത്തിയിലുള്ള ദിഗൽ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയിലായിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബിഹാർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മേപ്പയൂർ എസ്.ഐ സുധീർ ബാബു, എ.എസ്.ഐ ലിനേഷ്, എസ്.സി.പി.ഒ സിഞ്ചുദാസ്, സി.പി.ഒ ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തേടിപ്പോയത്. ഇവർ പ്രതിയുമായി വ്യാഴാഴ്ച രാത്രിയോടെയാണ് മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.