മേപ്പയ്യൂർ: മഴ തുടങ്ങിയതോടെ കാരയാട് ഹുനുമാൻകുനി നിവാസികളുടെ ദുരിതവും തുടങ്ങി. ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ വയലും തോടും കിണറും കവിഞ്ഞൊഴുകും. കുടിവെള്ളം മുട്ടും. തോട്ടിൽ നിന്നും വയലിൽ നിന്നും ചളിവെള്ളം കയറി ദിവസങ്ങളോളം വീടുകൾ വാസയോഗ്യമല്ലാതാവും. പല വീടുകളിലും വെള്ളകയറി വൃത്തിഹീനമായിരിക്കയാണ്. ആഴ്ചകളോളം വെള്ളക്കെട്ടിൽ ജീവിക്കേണ്ടി വരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്.
വയലിനാൽ ചുറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചേരാൻ സഞ്ചാര യോഗ്യമായ നടവഴി പോലുമില്ല. ആകെയുണ്ടായിരുന്ന വഴി റോഡ് നിർമാണത്തിന്റെ പേരിൽ അധികൃതർ ഇടിച്ച് നിരപ്പാക്കിയിട്ട് വർഷം രണ്ട് കഴിഞ്ഞു. ഇപ്പോൾ റോഡുമില്ല, വഴിയുമില്ലാത്ത അവസ്ഥയിലായെന്ന് നാട്ടുകാർ പറയുന്നു.
വെള്ളം കയറി ചെളി നിറഞ്ഞ പാട വരമ്പിലൂടെയുള്ള സാഹസികയാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. പന്ത്രണ്ടോളം പട്ടികജാതി കുടുംബങ്ങളിലായി അമ്പതിലധികം പേർ താമസിക്കുന്ന ഇവിടേക്ക് വികസനം എത്തിനോക്കിയിട്ടില്ല.
റോഡ് സൗകര്യം ഇല്ലാത്തതിനാൽ രോഗികളും വിദ്യാർഥികളും വലിയ പ്രയാസത്തിലാണ്. മഴക്കാലം വിദ്യാർഥികൾക്ക് നനയാതെ സ്കൂളിൽ പോകാൻ കഴിയില്ല. സുരക്ഷിതമായ വഴി ഇല്ലാത്തതിനാൽ രോഗികളെയും വൃദ്ധരെയും പ്രധാന റോഡിലേക്ക് എത്തിക്കാൻ പ്രദേശവാസികൾ ദുരിതപർവം താണ്ടുകയാണ്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഒരു കുടുംബം സൗജന്യമായി സ്ഥലം വിട്ടു നൽകിയിരുന്നു.
എന്നാൽ ഭാഗികമായി പൂർത്തിയാക്കിയ കിണറും പമ്പ് ഹൗസും വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. നിർമാണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരെയും കരാറുകാരനെയും കാണാനില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹനുമാൻ കുനിയിൽ കുടിവെള്ളം, റോഡ് നിർമാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ യാഥാർഥ്യമാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ച സംഘം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സി. രാമദാസ്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, ശിവൻ ഇലവന്തിക്കര, ആനന്ദ് കിഷോർ, റഷീദ് വടക്കയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.