മേപ്പയൂർ: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ മേപ്പയൂർ സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസുകാർക്ക് മർദനമേറ്റു. മേപ്പയൂർ ടൗണിൽ ഫാറ്റിൻ ആശുപത്രിക്ക് സമീപമുള്ള ബാർബർ ഷോപ്പിനു മുന്നിലാണ് സംഘർഷത്തിന്റെ തുടക്കം. നിർത്തിയിട്ട ഇരുചക്രവാഹനത്തിൽ രണ്ടുപേർ ഇരുന്നത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് യുവാക്കൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തിയത്.
പൊലീസ് സ്റ്റേഷന് സമീപത്തായതിനാൽ പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിടിച്ചുമാറ്റുന്നതിനിടയിലാണ് പൊലീസിനു നേരെ കൈയേറ്റമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തി വീശിയപ്പോൾ കണ്ടുനിന്നവർക്കും അടി കിട്ടി. സംഘർഷത്തിലേർപ്പെട്ട രണ്ട് യുവാക്കളുടെ തലപൊട്ടി.
ഇവരെ നിലത്തിട്ട് വളഞ്ഞ് പൊതിരെ തല്ലിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലാത്തിയടിയിൽ പരിക്കേറ്റ യുവാവിനെയുംകൊണ്ട് മേപ്പയൂർ പൊലീസ് സ്റ്റേഷനിലെത്തിയ ഒരുപറ്റം ആളുകൾ പൊലീസുമായി ഏറെ നേരം തർക്കത്തിൽ ഏർപ്പെട്ടു.
പരിക്കേറ്റ മേപ്പയൂർ എസ്.ഐ സി. ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ, സി.പി.ഒ ഒ.എം. സിജു എന്നിവർക്കാണ് പരിക്കേറ്റത്. എസ്.ഐ ജയൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ പേരാമ്പ്ര ഗവ. ആശുപത്രിയിലും ചികിത്സ തേടി. തലക്ക് പരിക്കേറ്റ ഷബീർ, ഷിബു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഇവരെ മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഷബീർ, ഷിബു എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തു. ഷബീറിന്റെ പേരിൽ സ്റ്റേഷനിൽ മറ്റു പല കേസുകളും നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റ് ചെയ്ത പ്രതികളെ പേരാമ്പ്ര ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷം, പയ്യോളി കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പയൂർ സി.ഐ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.