മേപ്പയൂർ: മേപ്പയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യ കലവറയായ പുറക്കാമല തുരക്കാൻ 2014ൽ എത്തിയ ഖനന മാഫിയയെ നാട്ടുകാർ ജനകീയ സമരത്തിലൂടെയും നിയമനടപടികളിലൂടെയും കെട്ടുകെട്ടിച്ചതാണ്.
എന്നാൽ, ഇപ്പോൾ അവർ വളഞ്ഞ മാർഗത്തിലൂടെ സംഘടിപ്പിച്ച അനുമതികളും കോടതി ഉത്തരവുമായി വീണ്ടും പുറക്കാമലയെ തേടിവരുമ്പോൾ ഒമ്പതു വർഷം മുമ്പെടുത്ത പോരാട്ടവീര്യം അതിലും ആർജവത്തോടെ പുറത്തെടുക്കുകയാണ് നാട്ടുകാർ. പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് കീഴ്പയ്യൂർ മണപ്പുറംമുക്കിൽ പ്രതിഷേധ തെരുവ് സംഘടിപ്പിക്കുകയാണ്. നാറാണത്ത് മുക്കിൽനിന്ന് ബഹുജന റാലി നടക്കും.
സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയിൽനിന്ന് ലഭിച്ച പാരിസ്ഥിതികാനുമതി, ഹൈകോടതി ഉത്തരവ് ഉൾപ്പെടെ ഗ്രാമപഞ്ചായത്തിന് സമർപ്പിച്ച് ലൈസൻസിനുവേണ്ടി കാത്തിരിക്കുകയാണ് കമ്പനി. ഖനനത്തിന് ലൈസൻസ് നൽകേണ്ടെന്നാണ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി തീരുമാനിച്ചത്. ജനകീയ സമരത്തോടൊപ്പം നിയമനടപടികളും സ്വീകരിക്കാനാണ് പുറക്കാമല സംരക്ഷണ സമിതിയുടെ തീരുമാനം. ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ നിയോഗിച്ച വിദഗ്ധ സമിതി പ്രദേശം സന്ദർശിക്കുകയോ ഗ്രാമപഞ്ചായത്തിനെയോ തദ്ദേശവാസികളെയോ കേൾക്കുകയോ ചെയ്തില്ല.
മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ഈ മലയിലാണ്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൽജീവൻ പദ്ധതിയുടെ ടാങ്ക് നിർമിക്കാൻ തീരുമാനിച്ചതും നിർദിഷ്ട ഖനന മേഖലയുടെ സമീപത്താണ്. 45 ശതമാനത്തിൽ കൂടുതൽ ചരിവുള്ള മലയിൽ ഖനനം പാടില്ല എന്നാണ് നിയമം.
എന്നാൽ, 60- 70 ശതമാനം വരെ ചരിവുള്ള പുറക്കാമലയിൽ ഖനനത്തിന് എങ്ങനെ പാരിസ്ഥിതികാനുമതി ലഭിച്ചെന്നാണ് പാരിസ്ഥിതിക വിദഗ്ധർ ചോദിക്കുന്നത്. മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ചെറിയ ജലാശയങ്ങളും തെങ്ങ് അടക്കമുള്ള ഫലവൃക്ഷങ്ങളും പാറകൾക്കിടയിലും ചരിവിലും വളരുന്ന അസംഖ്യം ഔഷധസസ്യങ്ങളും കാട്ടുമരങ്ങളും ആയിരക്കണക്കിന് ജീവികളും പുറക്കാമലയെ വ്യത്യസ്തമായ ആവാസവ്യവസ്ഥയാക്കി മാറ്റുന്നു. പുറക്കാമലയുടെ താഴ്വാരത്താണ് നെൽകൃഷിക്ക് പേരുകേട്ട കരുവോട് ചിറ, വിയ്യഞ്ചിറ, കണ്ടഞ്ചിറ എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ പാടശേഖരങ്ങളുടെ ജലസ്രോതസ്സും നിലനിൽപിനാധാരവും പുറക്കാമലയാണെന്നത് ഭൂമിശാസ്ത്ര വസ്തുതയാണ്. കൃഷിയും അനുബന്ധ ജോലികളും ഉപജീവനമാർഗമാക്കിയ വലിയൊരു ജനവിഭാഗം പുറക്കാമലയുടെ താഴ്വാരത്തിൽ ജീവിക്കുന്നു.
ഈ മല നശിച്ചാൽ നിരവധിയാളുകളുടെ ജീവിതം ദുരിതപൂർണമാവും. അതുകൊണ്ട് മലയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായുള്ള പോരാട്ടമാണിവിടെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.