കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പൊതുപരീക്ഷ തിങ്കളാഴ്ച തുടങ്ങും. ജില്ലയിൽ 878 പഠിതാക്കളാണ് പത്താംതരം തുല്യതാ പരീക്ഷ എഴുതുന്നത്. 16 മുതൽ സെപ്റ്റംബർ ഒന്നുവരെ ഒമ്പത് വിഷയങ്ങളിലായാണ് പരീക്ഷ. ജില്ലയിൽ 367 പുരുഷന്മാരും 511 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. പഠിതാക്കളിൽ 101 പേർ പട്ടികജാതി–വർഗ വിഭാഗത്തിൽനിന്നുമാണ്.
23 പേർ ഭിന്നശേഷിക്കാരുമാണ്. സിവിൽ സ്റ്റേഷൻ പാലാട്ട് താഴം സ്വദേശികളായ അമ്മായി അമ്മയും മരുമകളും പരീക്ഷയെഴുതുന്നുണ്ട്. 66 വയസ്സുകാരി ശ്യാമളകുമാരിയമ്മയും മരുമകൾ നിൻസിയുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയിൽ ഉന്നതവിജയം നേടുകയാണ് ഇരുവരുടെയും ലക്ഷ്യം. എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന ശ്യാമളക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെങ്കിലും തുല്യത ഓൺലൈൻ പഠനം മുടക്കിയിട്ടില്ല.
കോര്പറേഷന് സാക്ഷരതാമിഷന്‍ മുഖേന നടപ്പാക്കുന്ന 'സമ' പദ്ധതിയില്‍ പഠനം പൂര്‍ത്തീകരിച്ച മുതിര്‍ന്ന പഠിതാവാണ് ശ്യാമളകുമാരിയമ്മ. പഠിതാക്കളുടെ കൂട്ടായ്മകളിൽ സജീവമാണ് ഇരുവരും. ഹയർസെക്കൻഡറി തുല്യതയും ബിരുദവും പൂർത്തിയാക്കി എൽഎൽ.ബി പഠിച്ച് വക്കീൽ ആവണമെന്നാണ് ശ്യാമളകുമാരിയമ്മയുടെ ആഗ്രഹം. മരുമകൾ നിൻസിക്ക് രണ്ട് മക്കളുണ്ട്. പത്താം തരം വിജയിച്ച് ഹയർ സെക്കൻഡറിയും ഫാഷൻ ഡിസൈനിങ്ങും പഠിക്കണമെന്നാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.