മുക്കം: മുക്കം നഗരസഭക്കെതിരെ ഗുരുതര ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയ ഓഡിറ്റ് റിപ്പോർട്ടിന് മറുപടി നൽകാനാവാതെ മുക്കം നഗരസഭ ഇരുട്ടിൽ തപ്പുന്നു. റിപ്പോർട്ട് പുറത്തുവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി നൽകാനാവാത്തത് അധികൃതരുടെ ഭാഗത്തുനിന്ന് വന്ന അപാകതകൾ തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക യോഗത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും വ്യക്തമായ മറുപടി നൽകാൻ ഭരണപക്ഷത്തിനായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വസ്തുനികുതി ഇനത്തിലെ ഭീമമായ കുടിശ്ശിക, സി.എച്ച്.സി മരംലേലം, സർക്കാർ ഉത്തരവിന് വിരുദ്ധമായി ദിവസവേതന നിയമനം, അതിദരിദ്രർക്കും അഗതികൾക്കുമുള്ള പദ്ധതികളുടെ രൂപവത്കരണം, നഗരസഭ ആസ്തി രജിസ്റ്ററിലെ കൃത്യതയില്ലായ്മ, സ്വകാര്യ ഹോസ്പിറ്റലിന്റെ അനധികൃത കെട്ടിടങ്ങളുടെ വസ്തുനികുതി കുടിശ്ശിക, ക്രമവത്കരണം എന്നിവയിലെ ഗുരുതര ക്രമക്കേടുകൾ തുടങ്ങി ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ട് പറഞ്ഞ ആരോപണങ്ങളിൽ വ്യക്തമായ മറുപടി നൽകാനാവുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2.12 കോടി രൂപയാണ് വസ്തുനികുതി ഇനത്തിൽ പിരിച്ചെടുക്കാനുള്ളത്. ഗുരുതരമായ കൃത്യവിലോപമാണ് ഇത് വ്യക്തമാക്കുന്നത്. സി.എച്ച്.സി മരംലേല തുകയായ 1,35,500 രൂപയും ജി.എസ്.ടി ഇനത്തിലെ 24,650 രൂപയും അടക്കാത്തത് എന്താണെന്നതിൽ വിശദീകരണം നൽകാൻ കഴിയാതെ കുഴങ്ങുകയാണ് അധികൃതർ.
ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് വ്യക്തമാവുന്നത്. നേരത്തേ മരംമുറിയുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നതാണ്. നഗരസഭയിലെ സ്വകാര്യ ഹോസ്പിറ്റലിന് അനിയന്ത്രിതമായി ഒത്താശ ചെയ്തതിലൂടെ കോടിയിലധികം രൂപയാണ് മുനിസിപ്പാലിറ്റിക്ക് നഷ്ടമായത്. ഇത് സംബന്ധിച്ച ഓഡിറ്റ് പരാമർശത്തിന് ബോധ്യപ്പെടുന്ന മറുപടി നൽകാനായിട്ടില്ല.
നഗരസഭ അധികൃതരുടെയും വില്ലേജ് ഓഫിസറുടെയും സംയുക്ത പരിശോധനയിൽ നഗരസഭ പരിധിയിൽ രണ്ടേകാൽ ഏക്കർ പുറമ്പോക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ഹോട്ടൽ പുഴതീരം പരിസരത്ത് കൈയേറ്റം നടത്തി എന്ന് ശരിവെക്കുന്നതുമാണ് ഓഡിറ്റ് റിപ്പോർട്ടിന്മേലുള്ള വിശദീകരണക്കുറിപ്പ്.
അമൃത്-2 സമഗ്ര കുടിവെള്ള പദ്ധതി മാസ്റ്റർ പ്ലാൻ സംബന്ധിച്ച് നിലവിലെ വിവരം എന്താണെന്നത് അവ്യക്തമാണ്. ശുചിത്വ ഉപകരണങ്ങളും സാമഗ്രികളും വാങ്ങിയതിന് ചെലവഴിച്ച 1,45,490 രൂപ, റിങ് കമ്പോസ്റ്റ് സ്വച്ഛ് ഭാരത് പദ്ധതി നടത്തിപ്പ് ഇനത്തിൽ ചെലവഴിച്ച 14,82,500 രൂപ എന്നിവയിൽ ഓഡിറ്റ് തടസ്സം പറഞ്ഞതിൽ തൃപ്തികരമായ മറുപടി നൽകിയിട്ടില്ല.
ക്വട്ടേഷനുകൾക്ക് കൗൺസിൽ അംഗീകാരം ലഭ്യമാക്കാതെ കരാറുകാരെ പ്രവൃത്തി ഏൽപിച്ചത് സംബന്ധിച്ചും റിപ്പോർട്ട് തയാറാക്കേണ്ടതുണ്ട് എന്ന ഒഴുക്കൻ മറുപടിയാണ് നഗരസഭ അധികൃതർ നൽകിയത്. 2023-24 സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് 2022-23 ഓഡിറ്റിൽ പറഞ്ഞ പരാമർശങ്ങളിൽ കൃത്യമായ മറുപടി നൽകാൻ നഗരസഭക്ക് ഇനിയും സാധിക്കാതിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.