നാദാപുരം: ഇ.കെ. വിജയൻ എം.എൽ.എയെ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ വോട്ടുമറിച്ചെന്ന് ആരോപണം. ഇതേത്തുടർന്ന് നാദാപുരത്ത് സി.പി.ഐയിൽ ഭിന്നത രൂക്ഷം. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടിയിൽ ഉടലെടുത്ത പ്രശ്നമാണ് രൂക്ഷമായി തുടരുന്നത്.
അഞ്ചു വർഷമായി എം.എൽ.എയുടെ പി.എ ആയി പ്രവർത്തിക്കുന്ന കളത്തിൽ സുരേന്ദ്രനെ ജില്ല നേതൃത്വം ഇടപെട്ട് പി.എ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനുപിറകെ 14 സി.പി.ഐയുടെ പ്രധാന പ്രവർത്തകർ ശക്തികേന്ദ്രമായ എടച്ചേരി നോർത്തിൽനിന്ന് രാജിവെച്ചു. എം .എൽ.എയെ ഒതുക്കുന്നതിെൻറ ഭാഗമായി ചമച്ചുണ്ടാക്കിയ പരാതിയുടെ പിൻബലത്തിലാണ് പി.എയെ ഒഴിവാക്കിയതെന്നാണ് വിമർശനം.
എം.എൽ.എ യുടെ സമ്മതമില്ലാതെ പി.എയായ സുരേന്ദ്രനെ ഒഴിവാക്കാൻ മണ്ഡലം കമ്മിറ്റിയെ ഒഴിവാക്കി ജില്ല നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ഇ.കെ. വിജയൻ എം.എൽ.എ രാജിസന്നദ്ധത അറിയിച്ചതായും വിവരമുണ്ട്. പുറത്താക്കിയ പി.എക്കു പകരം പുതിയ ആളെ നിയമിച്ചിട്ടില്ല.
ഇടഞ്ഞുനിൽക്കുന്ന എം.എൽ.എയെ അനുനയിപ്പിക്കാൻ കഴിയാത്തതാണ് പി.എ നിയമനം നടത്താൻ കഴിയാതിരിക്കാൻ കാരണം. നിയമസഭ തെരഞ്ഞെടുപ്പിൽ മറ്റു രണ്ടുപേരുടെ പേരുകൂടി പേര് പരിഗണനയിൽ വന്നെങ്കിലും വിജയസാധ്യതയും സി.പി.എം കേന്ദ്രത്തിൽനിന്നുള്ള സമ്മർദവും പരിഗണിച്ച് ഇ.കെ. വിജയനെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. വിഭാഗീയത നിലനിൽെക്ക, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇ.കെ. വിജയെൻറ പേര് മന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.
മലബാറിൽനിന്ന് പാർട്ടിക്ക് മന്ത്രിയില്ലാത്തതും സീനിയോറിറ്റിയും അനുകൂല ഘടകവുമായി. എന്നാൽ, ജില്ല നേതൃത്വത്തിലെ ഒരു വിഭാഗത്തിെൻറയും ഉന്നത നേതാക്കളുടെയും സമ്മർദത്തെ തുടർന്ന് തഴയപ്പെടുകയായിരുന്നു. ഇതിനിടയിൽ പി.എയായി നിയമിക്കപ്പെട്ട സുരേന്ദ്രനെതിരെയും അണിയറയിൽ നീക്കങ്ങൾ ശക്തമായി. എടച്ചേരിയിലെ സന്നദ്ധസംഘടനക്ക് എം.എൽ.എ ഫണ്ടിൽനിന്ന് നൽകിയ ആംബുലൻസിെൻറ പേരിൽ ഒരുവിഭാഗം പരാതി നൽകി. പരാതിക്കാധാരമായ ഈ സംഭവത്തിെൻറ പേരിലാണ് പാർട്ടി ജില്ല നേതൃത്വം സുരേന്ദ്രനെ പി.എ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്.
എം.എൽ.എ നാദാപുരത്തെ പൊതുചടങ്ങുകളിൽനിന്ന് പരമാവധി വിട്ടുനിൽക്കുകയാണ്. കഴിഞ്ഞാഴ്ച അരൂരിൽ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിൽ അംഗങ്ങൾ രൂക്ഷവിമർശനമാണ് സി.പി.ഐക്കെതിരെ ഉയർത്തിയത്. സി.പി.എം അഭിമാനപ്പോരാട്ടമായി കണ്ട മണ്ഡലത്തിൽ സി.പി.ഐ പ്രവർത്തകർതന്നെ പിന്നിൽനിന്ന് കുത്താൻ ശ്രമിച്ചതാണ് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.