നാദാപുരം: പാമ്പാടി നെഹ്റു കോളജിൽ മരിച്ച വിദ്യാർഥി വളയത്തെ ജിഷ്ണു പ്രണോയിയുടെ വേർപാടിന് ഇന്ന് അഞ്ചാണ്ട് തികയുന്നു. മരണം നടന്ന് അഞ്ചുവർഷം കഴിഞ്ഞിട്ടും കുടുംബത്തിന് നീതി കിട്ടിയില്ല. 2017 ജനുവരി ആറിനാണ് നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായ ജിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്നും കോളജ് അധികൃതരുടെ പീഡനം മൂലമാണെന്ന പരാതിയുമായി കുടുംബം രംഗത്തു വന്നതോടെയാണ് സംഭവം വിവാദമായത്. നീതി തേടി മാതാവ് മഹിജ തിരുവനന്തപുരത്ത് നടത്തിയ സമരവും ഇവർക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗവും ഏറെനാൾ ചർച്ചയായിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പ്രധാന പ്രതികളായി ആരോപിച്ചിരുന്ന കോളജ് എം.ഡി. കൃഷ്ണപ്രസാദ്, സംജ്ഞിത് വിശ്വനാഥ് എന്നിവരെ സി.ബി.ഐ കേസിൽ നിന്നൊഴിവാക്കുകയാണ് ചെയ്തത്.
ഇവരെ കേസിൽനിന്ന് ഒഴിവാക്കിയ നടപടി ദുരൂഹമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സി.ബി.ഐ കേസ് ഏറ്റെടുത്തിട്ട് മൂന്നുവർഷം തികയാറായി. എന്നാൽ, ഇതുവരെ പ്രതികളെ കണ്ടെത്താനോ കുറ്റപത്രം സമർപ്പിക്കാനോ കഴിഞ്ഞിട്ടില്ല. അഞ്ചാം ചരമവാർഷികമായ വ്യാഴാഴ്ച പ്രാദേശിക ക്ലബുകളിൽ മാത്രം അനുസ്മരണം നടക്കും. നേരത്തേ ഇവർക്കനുകൂലമായി നിന്നിരുന്ന പലരും ഇപ്പോൾ രംഗത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.