നാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമാധാനപൂർണമാക്കാൻ നാദാപുരം മണ്ഡലത്തിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടാവുന്ന നിസ്സാര പ്രശ്നങ്ങൾ മേഖലയിൽ വ്യാപകമാവുന്നത് തടയാൻ പൊലീസ് വൻതോതിലുള്ള സുരക്ഷയാണ് ഒരുക്കിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ഇതര ജില്ലകളിൽ നിന്നടക്കമുള്ള പൊലീസുകാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിച്ചിട്ടുണ്ട്. നാദാപുരം ഡിവൈ.എസ്.പി, പി.സി. സജീവെൻറ മേൽനോട്ടത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. നാദാപുരം പൊലീസ് പരിധിയിൽ 121 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളായാണ് പൊലീസ് വിലയിരുത്തൽ.
വളയം പൊലീസ് പരിധിയിൽ 74 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. വിലങ്ങാട് മലയോരത്തെ ആറു ബൂത്തുകൾ മാവോവാദി ഭീഷണി നേരിടുന്നവ എന്ന നിഗമനത്തിൽ ഇവിടെ തണ്ടർബോൾട്ട് കമാൻഡോകളെയാണ് വിന്യസിച്ചിട്ടുള്ളത്.
നാദാപുരത്ത് പ്രശ്നബാധിത ബൂത്തുകളോട് ചേർന്ന് 10 പൊലീസ് പിക്കറ്റ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. വളയം പൊലീസ് പരിധിയിൽ നാലു പിക്കറ്റ് പോസ്റ്റുകളുണ്ട്.
പാറക്കടവ്, ജാതിയേരി, കുറുവന്തേരി, വാണിമേൽ കരുകുളം എന്നിവിടങ്ങളിലാണ് പിക്കറ്റ് പോസ്റ്റുകൾ. പിക്കറ്റ് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കും. പൊലീസിെൻറ മൊബൈൽ ടീമുകൾക്കൊപ്പം വിഡിയോ ചിത്രീകരിക്കും. സ്ട്രൈക്കിങ് ടീമുകളും സദാ മേഖലയിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.