നാദാപുരം: തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗിൽ ഉടലെടുത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉടലെടുത്ത പ്രശ്നമാണ് പാർട്ടിയെ ചേരിതിരിവിലേക്ക് നയിക്കുന്നത്. ഇതിെൻറ ഭാഗമായി ഞായറാഴ്ച പേരോട് നടന്ന പഞ്ചായത്ത് പ്രവർത്തക സമിതിയിൽനിന്നും നിരവധി ശാഖാ പ്രതിനിധികളും കെ.എം.സി.സി നേതാക്കളും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിലെ ഒരു വിഭാഗത്തിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചു യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഇ.വി. മുഹമ്മദ്, സലാം തൂണേരി എന്നിവരെ ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനമാണ് ഒരു വിഭാഗം പ്രവർത്തകരെ നേതൃത്വത്തിനെതിരെ തിരിയാൻ ഇടയാക്കിയത്. തീരുമാനത്തെ ഇവർ ചോദ്യം ചെയ്യുകയും എടുത്ത നടപടി പിൻവലിക്കണമെന്നും നടപടി ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് ഒരു വിഭാഗം യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിലെ പാർട്ടിവിരുദ്ധ പ്രവർത്തനം നടന്നതായി ആരോപണം ഉയർന്ന മുഴുവൻ പ്രവർത്തകരുടെയും പേരിലുള്ള അച്ചടക്ക നടപടികൾ പിൻവലിക്കുകയും പാർട്ടി സ്ഥാനങ്ങളിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നെ എന്തിന് തൂണേരിയിൽ പുറത്താക്കൽ നടപടി എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്.
ഇതോടൊപ്പം കഴിഞ്ഞ മാസം പേരോട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പങ്കെടുത്ത അസ്ലം അനുസ്മരണ പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉൾപെടെയുള്ള നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. ഇവർക്കെതിരെ ഒരുനടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. പഞ്ചായത്ത് നേതൃത്വത്തിലെ ചിലരുടെ അമിത സമ്മർദത്തിൽ മനംമടുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ഷാഹിന കഴിഞ്ഞ മാസം നേതൃത്വത്തിന് രാജി സമർപ്പിക്കുകയുണ്ടായി. പ്രശ്നം മണ്ഡലം കമ്മിറ്റി ഇടപെട്ട് പരിഹരിക്കുകയും രാജി പിൻവലിപ്പിക്കുകയുമായിരുന്നു. ഇതിനിടയിലാണ് പഞ്ചായത്ത് നേതൃത്വം വെട്ടിനിരത്തൽ നടത്തിയതായി ആരോപിച്ച് കെ.എം.സി.സി പ്രവർത്തകർ അടക്കം രംഗത്തു വന്നത്. പ്രശ്നങ്ങൾക്കിടെ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ യോഗത്തിൽ രണ്ടു ഭാരവാഹികളെ പുറത്താക്കിയ നടപടിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായും യൂത്ത് ലീഗിെൻറ വാട്സ്ആപ് ഗ്രൂപ്പായ ഗ്രീൻവോഴ്സ് പിരിച്ചുവിട്ടതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.