നാദാപുരം (കോഴിക്കോട്): ദുരന്തമുഖത്തുനിന്ന് തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അഷ്റഫിെൻറ ജീവിതം വഴിമുട്ടി. കരിപ്പൂർ വിമാന അപകടത്തിൽ രക്ഷപ്പെട്ട നാദാപുരം ഇയ്യങ്കോട്ടെ മൂടോറ അഷ്റഫ് ആണ് അപകടത്തിൽ പരിക്കേറ്റ് വേദന കടിച്ചമർത്തി ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നത്. വിമാന അപകടം ഇദ്ദേഹത്തിന്റെ ചെറിയ കുടുംബത്തിെൻറ താളം തെറ്റിച്ചിരിക്കുകയാണ്.
പഴയ വീട് പുതുക്കിപ്പണിയാൻ തുടക്കമിടാൻ ദുബൈയിൽനിന്ന് തിരിച്ചതായിരുന്നു. ആറു മാസമായിട്ടും പരിക്കിൽനിന്ന് മോചിതനായിട്ടില്ല. തുടയെല്ലുകൾ ചിതറുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തതോടെ അഞ്ച് ശസ്ത്രക്രിയകൾ വേണ്ടിവന്നു, കണ്ണുകൾ തുറക്കാൻ. വിമാനത്തിൽ മുൻ നിരയിൽ മൂന്നാമത്തെ സീറ്റിലായിരുന്നു അഷ്റഫ്. പരിക്കേറ്റ് രണ്ടാഴ്ചക്ക് ശേഷമാണ് ഓർമ തിരിച്ചുകിട്ടിയത്.
2020 ആഗസ്റ്റ് ഏഴിലെ അപകടത്തിന് ശേഷം ഈ യുവാവിന് ഇന്നുവരെ നേരാം വണ്ണം നടക്കാൻ കഴിഞ്ഞിട്ടില്ല. കാൽപാദത്തിെൻറ പരിക്ക് അത്രയും ഗുരുതരമാണ്. ദുബൈയിൽ കഫ്റ്റീരിയ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിലാണ് കമ്പനി.
വിമാന കമ്പനിയിൽനിന്നുള്ള ചികിത്സ സഹായം കൊണ്ട് മാത്രമാണ് ഇതുവരെ പിടിച്ചുനിന്നത്. ഇൻഷുറൻസ് തുകയും സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളോ ലഭിച്ചിട്ടില്ല. ഭാര്യ സഫീനയുടെയും രണ്ട് പിഞ്ചുമക്കളുടെയും ഉമ്മയുടെയും കരുതലിൽ അഷ്റഫ് പുറം ലോകത്ത് പിച്ചവെക്കുന്നതും കാത്ത് കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.