നാദാപുരം: മൊബൈൽ ടവർ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ. ടവർ നിർമാണത്തിനും സ്ഥാപനത്തിനുമെതിരെ പ്രതിഷേധ സമരങ്ങൾ കൊണ്ട് വിവാദമാകാറുള്ള സമയത്താണ് പ്രദേശവാസികൾ ഉദ്ഘാടനം ആഘോഷമാക്കി മാറ്റിയത്. വർഷങ്ങളായി സിഗ്നൽ പ്രശ്നം കാരണം മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാതെ എടച്ചേരി പഞ്ചായത്തിലെ കോട്ടേമ്പ്രം നിവാസികൾ ദുരിതത്തിലായിരുന്നു.കോട്ടേമ്പ്രത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു മൊബൈൽ നെറ്റ്വർക് എന്നത്. പ്രദേശം മൊബൈൽ പരിധിക്ക് പുറത്തായതിനാൽ സാധാരണക്കാർക്കൊപ്പംഓൺലൈൻ പഠനത്തിന് വിദ്യാർഥികളും ഏറെ പ്രയാസത്തിലായിരുന്നു.
തൊട്ടടുത്ത് പ്രവർത്തിക്കുന്ന പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലും നെറ്റ് വർക് പ്രശ്നം ഏറെ പ്രയാസപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ ടവർ നിർമാണം പൂർത്തിയായത്. പുതിയ ടവർ വന്നതോടെ എടച്ചേരി, തൂണേരി പഞ്ചായത്തുകളിലായി 500ൽപരം വീടുകളിൽ മൊബൈൽ നെറ്റ്വർക് പ്രശ്നം പരിഹരിക്കപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടേമ്പ്രത്ത് നടന്ന ചടങ്ങിൽ പത്താംവാർഡ് മെംബർ പി.കെ. അജിത മൊബൈൽ ടവർ ഉദ്ഘാടനം നിർവഹിച്ചു. തയ്യുള്ളതിൽ ബാലൻ അധ്യക്ഷത വഹിച്ചു. ജിയോ വടകര, ജേസി എം, അഭിഷേക് സുകുമാരൻ, പി.ടി ബാബു, ഷിജിൽ, സുനിൽ, ശ്രീലേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.