നാദാപുരം: നിക്ഷേപകരുടെ പണവുമായി ജ്വല്ലറി ഉടമകൾ മുങ്ങിയെന്ന പരാതിയുമായി നിരവധി പേർ നാദാപുരം പൊലീസ് സ്റ്റേഷനിൽ. കല്ലാച്ചി, കുറ്റ്യാടി, പയ്യോളി എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചിരുന്ന ഗോൾഡ് പാലസ് ജ്വല്ലറി ഉടമകൾക്കെതിരെയാണ് നിക്ഷേപിച്ച സ്വര്‍ണവും പണവും തിരിച്ചു ലഭിക്കുന്നില്ലെന്നാരോപിച്ച് ഇടപാടുകാർ രംഗെത്തത്തിയത്.
വ്യാഴാഴ്ചയാണ് കല്ലാച്ചി സംസ്ഥാന പാതയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ എത്തി ഇടപാടുകാർ പണം തിരികെ ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. പത്തു പവൻ മുതല്‍ ഒരു കിലോവരെ സ്വര്‍ണവും, ലക്ഷക്കണക്കിന് രൂപയും നിക്ഷേപിച്ചവരുണ്ട്. നാദാപുരം, കുറ്റ്യാടി മേഖലയിലുള്ളവരാണ് നിക്ഷേപകരിൽ ഏറെയും. കുറ്റ്യാടി, പയ്യോളി എന്നിവിടങ്ങൽ ജ്വല്ലറി തുറക്കാതായതോടെയാണ് കല്ലാച്ചി ശാഖയിലേക്ക് നിക്ഷേപകര്‍ വ്യാഴാഴ്ച രാവിലെ എത്തി പണം തിരികെ ആവശ്യപ്പെട്ടത്.
ആദ്യമെത്തിയ കുറച്ചുപേർക്ക് രേഖ പ്രകാരമുള്ള സ്വർണാഭരണങ്ങള്‍ നല്കി ജ്വല്ലറിയിലുണ്ടായിരുന്ന മാനേജറും മറ്റും തിരിച്ചയച്ചതായി ജീവനക്കാര്‍ പറഞ്ഞു. ജ്വല്ലറിയിലെത്തുന്നവരുടെ എണ്ണം കൂടിയതോടെ ജീവനക്കാരറിയാതെ മാനേജരും നടത്തിപ്പുകാരും സ്ഥലം വിടുകയായിരുന്നു. ഇതോടെ ജ്വല്ലറിയില്‍ ബഹളമായി. കാര്യങ്ങൾ സംഘർഷാവസ്ഥയിൽ എത്തിയതോടെ ജീവനക്കാര്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാരെ ഇടപാടുകാരില്‍ നിന്ന് രക്ഷിച്ച് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉടമകളെ ഫോണില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇതിനിടെ പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള നിക്ഷേപകരും സ്റ്റേഷനിലെത്തി. വെള്ളിയാഴ്ചയും പണം നിക്ഷേപിച്ച സത്രീകൾ അടക്കമുള്ള നിരവധി പേർ ജ്വല്ലറിയിലെത്തി. എന്നാൽ, സ്ഥാപനം അടഞ്ഞുകിടക്കുന്നതിനാൽ നിരാശയോടെ മടങ്ങി.
ജ്വല്ലറിയിലെ സേഫില്‍ ആഭരണങ്ങള്‍ ഉണ്ടെന്നാണ് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. സേഫിെൻറ താക്കോല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റേഷനിലെത്തിയ ഇടപാടുകാര്‍ നിക്ഷേപത്തിെൻറ വിവരങ്ങള്‍ സഹിതം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം കുറ്റ്യാടി സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കരണ്ടോട് സ്വദേശി മാജിദയുടെ പരാതിയിൽ മാനേജിങ് പാർട്ണറായ വടയം സ്വദേശി കബീറിനെതിരെ കുറ്റ്യാടി പൊലീസ് കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.