നാദാപുരം: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന, നിർധനരുടെ ആശ്രയമായ നാദാപുരം താലൂക്ക് ആശുപത്രിയിൽ ലാബ് പ്രവർത്തനം നിയന്ത്രിക്കുന്നത് സമീപത്തെ സ്വകാര്യ ലാബുകളെന്ന് ആക്ഷേപം. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെയാണ് ആശുപത്രിയിലെ ലാബ് പ്രവർത്തിക്കുന്നത്. എന്നാൽ, പകൽ ഒ.പി.യിൽ എത്തുന്ന രോഗികൾക്കുപോലും ലാബിന്റെ പ്രയോജനം ലഭിക്കുന്നില്ല. അരമണിക്കൂർ സമയം കൊണ്ട് ലഭിക്കേണ്ട പരിശോധന ഫലങ്ങൾ മണിക്കൂറുകൾ വൈകിപ്പിച്ച്, സ്വകാര്യ ലാബിലേക്ക് അയക്കുന്നതായാണ് പരാതി.
രാത്രിയിൽ സ്വകാര്യ ലാബ് മാത്രമാണ് രോഗികൾക്ക് ആശ്രയം. രാത്രിയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കുറിക്കുന്ന എല്ലാ ലാബ് പരിശോധനകളും സമീപത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ലാബിലെ ജീവനക്കാർ നേരിട്ട് ഏറ്റെടുക്കുകയാണ്. ഇ.സി.ജി മുതൽ രക്തസാമ്പിൾവരെ താലൂക്കാശുപത്രിയിൽ ഉപകരണങ്ങളുമായെത്തി ഇവർ സാമ്പിളുകൾ പരിശോധനക്കെടുക്കുന്നത് നിത്യ കാഴ്ചയാണ്. ആശുപത്രി ലാബ് രാത്രിയിലും പ്രവർത്തിപ്പിക്കണമെന്നും ലാബ് പരിശോധനയിലൂടെ രോഗികൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കാൻ നടപടി വേണമെന്നും ആശുപത്രി വികസന സമിതിയിൽ നിരവധി തവണ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ആവശ്യമായ നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് സന്നദ്ധ സംഘടന പ്രവർത്തകർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.