നാദാപുരം: ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പടുത്തിയ മാതാവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മൂന്നരയോടെയാണ് കുട്ടികളുട മാതാവ് മുംതാസിനെ ആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാംപുറത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റിൽ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലീസിനോട് വ്യക്തമാക്കി. സെപ്റ്റംബർ 27ന് രാത്രി ഒമ്പതു മണിയോടെയാണ് മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ നൗഹ എന്നിവരെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവസമയത്ത് വീടിെൻറ മുകൾനിലയിലാണ് കുട്ടികളോടൊപ്പം ഇവർ ഉണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരിയും മാതാവും താഴത്തെ മുറികളിലായിരുന്നു.
വീടിന് പിറകുവശത്തെ വാതിൽ തുറന്ന് തറവാടിന് വീടിനോട് ചേർന്ന കിണറ്റിൽ എറിയുകയായിരുന്നുവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
ആദ്യം ആൺകുട്ടി റസ്വിനെയാണ് കിണറ്റിൽ ഇട്ടത്. മുറിയിൽ തിരിച്ചെത്തി രണ്ടാമത്തെ കുട്ടി നൗഹയെയും വെള്ളം കോരുന്ന കുളിമുറിയുടെ വിടവിലൂടെ കിണറ്റിലേക്ക് എറിയുകയായിരുന്നു. കൃത്യത്തിന് ശേഷം ബന്ധുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ച ശേഷം ഇവരും കിണറ്റിൽ ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ മോട്ടോർ പൈപ്പിൽ പിടിച്ചുനിൽക്കുകയായിരുന്ന മുംതാസിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം റിമാൻഡിലായ പ്രതിയെ വെള്ളിയാഴ്ചയാണ് തെളിവെടുപ്പിനായി നാദാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വീട്ടിൽ എത്തിയതോടെ നിയന്ത്രണം നഷ്ടമായ പ്രതി വികാരാധീനയായി വിങ്ങിപ്പൊട്ടി. ഇവരെ സ്ഥലത്തെത്തിയ വിവരം അറിഞ്ഞ് അയൽവാസികളടക്കം നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.