നാദാപുരം: വാണിമേൽ പഞ്ചായത്തിലെ പ്രധാന അങ്ങാടികളായ ഭൂമിവാതുക്കൽ, വിലങ്ങാട് എന്നിവിടങ്ങളിൽ ശൗചാലയം നിർമിക്കണമെന്ന ആവശ്യവുമായി മോട്ടോർ തൊഴിലാളികൾ രംഗത്ത്. ഈ ആവശ്യമുന്നയിച്ച് മോട്ടോർ തൊഴിലാളികൾ വാണിമേൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളും നിരവധി ടാക്സി തൊഴിലാളികളും പൊതുജനങ്ങളും ആശ്രയിക്കുന്ന അങ്ങാടികളിൽ പൊതു ശൗചാലയം ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി ഇവർ പറഞ്ഞു.
പൊതുശൗചാലയം നിർമിക്കണമെന്ന, വർഷങ്ങൾ പഴക്കമുള്ള ആവശ്യത്തോട് പഞ്ചായത്തധികൃതർ മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രധാന ടൗണുകളിൽ ശൗചാലയം നിർമിക്കാൻ സംസ്ഥാന ശുചിത്വമിഷൻ ലക്ഷക്കണക്കിന് രൂപ പഞ്ചായത്തിന് കൈമാറിയിട്ട് വർഷങ്ങളായി. എന്നാൽ, തുക ചെലവഴിക്കാനോ ശൗചാലയം നിർമിക്കാനോ പഞ്ചായത്ത് തയാറാകുന്നില്ല. ഭൂമിവാതുക്കൽ ടൗണിൽ പഞ്ചായത്തിന്റെ കൈവശമുള്ള ടാക്സി സ്റ്റാൻഡ് പരിസരത്ത് ശൗചാലയം നിർമിക്കാൻ ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും ഭരണസമിതിയിലെതന്നെ ചിലരും തൽപരകക്ഷികളും ചേർന്ന് പ്രവൃത്തി നടത്താതിരിക്കാൻ തടസ്സം നിൽക്കുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു.
2021ൽ ശൗചാലയ നിർമാണം ആവശ്യപ്പെട്ട് മനുഷ്യവകാശ കമീഷനിൽ പരാതി നൽകിയതിനെ തുടർന്ന് കമീഷൻ ഇടപെടുകയും ഉടൻ ശൗചാലയ നിർമാണം നടത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, വ്യാജ മറുപടി നൽകി കമീഷനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് സമരക്കാർ പറഞ്ഞു. ധർണ കെ.എൻ. നാണു ഉദ്ഘാടനം ചെയ്തു, മുൻഗ്രാമപഞ്ചായത്ത് മെംബർ കെ.പി. രാജീവൻ, മോട്ടോർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു നേതാവ് കെ.പി. സജീവൻ, ആലിക്കുട്ടിഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.