നാദാപുരം: പേരോട് നടന്ന തീവെപ്പ് കേസിലും ബോംബേറ് കേസിലും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. തീവെപ്പ് സംഭവം അന്വേഷിക്കാൻ ഏഴ് അംഗ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 10ന് രാത്രിയാണ് പേരോട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന ഐ.എൻ.എൽ പഞ്ചായത്ത് ഭാരവാഹി പുന്നോളി ഗഫൂറിെൻറ വീടിന് നേരെ ആക്രമണം നടന്നത്. പ്രാദേശിക രാഷ്ട്രീയതർക്കങ്ങളാണ് തീവെപ്പിൽ കലാശിച്ചത്. സംഭവത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൊലേറോ ജീപ്പ് പൂർണമായും കത്തിനശിക്കുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് വ്യാഴാഴ്ച ഒരുവർഷം പൂർത്തിയായി. എന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
15 ലക്ഷത്തോളം നഷ്ടമുണ്ടായതായാണ് ഉടമ പരാതി നൽകിയിരുന്നത്. കേസന്വേഷണം എങ്ങുമെത്താത്തതിനാൽ വാഹനത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് പരിരക്ഷയും ലഭ്യമായിട്ടില്ല. ഇൻഷുറൻസ് സഹായം ലഭിക്കാൻ ഉടമ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സമാനരീതിയിൽ നാദാപുരത്തെ ടാക്സി ഡ്രൈവർ ചാലപ്പുറം സ്വദേശി കുഞ്ഞിരാമെൻറ നിർത്തിയിട്ട ടാക്സി ജീപ്പും പൂർണമായും കത്തിനശിച്ചിരുന്നു.
അയൽപക്കത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു ജീപ്പ്. ഇതിെൻറ അന്വേഷണവും എങ്ങും എത്തിയിട്ടില്ല. ഏറ്റവും ഒടുവിൽ പേരോട് ടൗണിൽ ഒരേദിവസം രണ്ടു വീടുകൾക്ക് നേരെയാണ് ബോംബേറ് നടന്നത്. യൂത്ത് ലീഗ് നേതാവ് കെ.എം. സമീർ, സി.പി.എം ഇയ്യങ്കോട് ബ്രാഞ്ച് മുൻ സെക്രട്ടറി പനയുള്ളതിൽ അശോകൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് കഴിഞ്ഞ മാസം 22ന് ഇടവിട്ട സമയങ്ങളിലായി ബോംബേറ് നടന്നത്. അശോകെൻറ വീടിന് നേരെ അഞ്ചാമത്തെ തവണയാണ് ബോംബാക്രമണം നടന്നത്.
ഈ സംഭവത്തിലും സമാനസ്ഥിതി തുടരുകയാണ്. ബോംബാക്രമണത്തിന് ശേഷം പേരോട് ടൗണിൽ ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ ഇപ്പോഴും പിൻവലിച്ചിട്ടില്ല. പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ രാഷ്ട്രീയകക്ഷികളുടെ സമ്മർദം പൊലീസിനെ പിന്നോട്ടടിപ്പിക്കുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.