നാദാപുരം: ലോക് താന്ത്രിക് ജനതാദൾ, ലീഗ് ഓഫിസുകൾക്കും സി.പി.എം ബസ് സ്റ്റോപ്പിനും നേരെ നടന്ന ആക്രമണ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രിയിൽ ഇരിങ്ങണ്ണൂരിലെയും തൂണേരിയിലെയും പാർട്ടി ഓഫിസുകളും ബസ് സ്റ്റോപ്പുമാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ അസ്ലം വധക്കേസിലെ പ്രതി ഉൾപ്പെടെ മൂന്നു സി.പി.എം പ്രവർത്തകരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തൂണേരി മുടവന്തേരിയിലെ മൂലംതേരി സുഭാഷ് (39), കോടഞ്ചേരി സ്വദേശികളായ ചിക്കിലോട്ട് താഴക്കുനി വിശ്വജിത്ത്(32), തൈക്കിലോട്ട് ഷാജി(32) എന്നിവരാണ് അറസ്റ്റിലായത്. ഷാജി അസ്ലം വധക്കേസിലെ പതിമൂന്നാം പ്രതിയാണ്.
രണ്ടാം തീയതി പുലർച്ചയാണ് തൂണേരി ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ്, ഇരിങ്ങണ്ണൂർ ടൗണിലെ ലോക് താന്ത്രിക് ജനതാദൾ എടച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫിസ്, ഇരിങ്ങണ്ണൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഓഫിസ്, എടച്ചേരി ചെക്ക് മുക്കിലെ സി.പി.എം ബസ് സ്റ്റോപ്പ് എന്നിവക്കു നേരെ ആക്രമണം നടത്തിയത്.
സംഭവദിവസം രാത്രി കോടഞ്ചേരിയിലെ സുഹൃത്തിെൻറ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തശേഷം പുലർച്ച സ്കോർപിയോ വാനിൽ എത്തി ഓഫിസുകളും ബസ് സ്റ്റോപ്പും തകർക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കോർപിയോ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിരിയാണി ചാലഞ്ച് പ്രവർത്തനത്തിനായി മറ്റൊരാളിൽനിന്ന് വാടകക്കെടുത്തതായിരുന്നു വാഹനം എന്ന് പൊലീസ് പറഞ്ഞു. നാട്ടിൽ മനഃപൂർവം കലാപം ഉണ്ടാക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. രാത്രികാലങ്ങളിൽ നാദാപുരം മേഖലയിൽ നിരവധി ആക്രമണസംഭവങ്ങൾ ഉണ്ടായിട്ടും പൊലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രണ്ടുദിവസം കൊണ്ട് പ്രതികളെ കണ്ടുപിടിക്കാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായെങ്കിലും നിസ്സാര വകുപ്പ് ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയച്ചത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. കല്ലാച്ചിയിലെയും പുറമേരിയിലെയും കോൺഗ്രസ് ഓഫിസുകൾക്കുനേരെ നടന്ന ആക്രമണത്തിലെ പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.