നാദാപുരം: ശമ്പളം പാസാക്കാതെ തടഞ്ഞുവെച്ച ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ നടപടിയിൽ അധ്യാപക സംഘടന പ്രതിഷേധിച്ചതിനെ തുടർന്ന് ക്ലസ്റ്റർ പരിശീലനം ഒരു മണിക്കൂറോളം വൈകി.
ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടന്ന അധ്യാപക പരിശീലനത്തിന്റെ ഭാഗമായി വളയം ഹയർ സെക്കൻഡറി കേന്ദ്രത്തിൽ നടന്ന പരിശീലനമാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ പ്രതിഷേധത്തെത്തുടർന്ന് അലങ്കോലമായത്. ഉപജില്ലയിലെ തൂണേരി ഇ.വി.യു.പി സ്കൂളിലെ പൂർവാധ്യാപകന്റെ മരണത്തെ ചൊല്ലി സ്കൂളിന് നൽകിയ പ്രാദേശിക അവധിയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
അവധി നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകരുടെ ശമ്പളം പാസാക്കാതെ നാദാപുരം എ.ഇ.ഒ, ഡി. വിനയകുമാർ തടഞ്ഞുവെക്കുകയായിരുന്നു. മറ്റൊരു ദിവസം പ്രവൃത്തിദിനമാക്കുമെന്ന് രേഖാമൂലം എഴുതിനൽകിയിട്ടും ഓഫിസർ വഴങ്ങിയില്ലെന്നാണ് അധ്യാപകരും യൂനിയൻ നേതാക്കളും പറയുന്നത്. ഇതേത്തുടർന്ന് ക്ലസ്റ്റർ പരിശീലന വേദി സമരവേദിയായി മാറുകയായിരുന്നു. ക്ലസ്റ്റർ പരിശീലനം തടസ്സപ്പെട്ടതോടെ എ.ഇ.ഒ പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും തടഞ്ഞുവെച്ച ശമ്പളം അനുവദിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് പരിശീലന പരിപാടി പുനരാരംഭിച്ചത്.
പ്രതിഷേധത്തിന് കെ.പി.എസ്.ടി.എ നേതാക്കളായ പി. രഞ്ജിത്ത്കുമാർ, ഇ. പ്രകാശൻ, വി. സജീവൻ, സി.പി. അഖിൽ, ടി.കെ. രാജീവൻ, വി.എം. ബിജേഷ്, യു.കെ. വിനോദ് കുമാർ, കെ.കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.