നാദാപുരം: തൂണേരി മുടവന്തേരി സ്വദേശി പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധം. വ്യാപാരി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ മുതൽ സ്റ്റേഷന് മുന്നിൽ ജനം തടിച്ചുകൂടിയിരുന്നു.
വൈകീട്ടോടെ കൂടുതൽ പേർ സ്ഥലത്തെത്തി. ഇതിനിടെ യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ. പ്രവീൺ കുമാർ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, മോഹനൻ പാറക്കടവ്, മുഹമ്മദ് ബംഗ്ലത്ത് തുടങ്ങിയവർ സ്റ്റേഷനിൽ എത്തുകയും പൊലീസുമായി സംസാരിച്ച് കേസിെൻറ വിവരങ്ങൾ ആരായുകയും ചെയ്തു.
പുറത്തെത്തിയ നേതാക്കൾ അഹമ്മദിനെ കാണാതായ കേസ് തട്ടിക്കൊണ്ടുപോയതായി രജിസ്റ്റർ ചെയ്തതായി അറിയിക്കുകയുണ്ടായി.
ഇതിനിടെ, ബന്ധുക്കളും യു.ഡി.എഫ് പ്രവർത്തകരും റോഡ് ഉപരോധിക്കുകയായിരുന്നു. സംസ്ഥാന പാതയിൽ ഉപരോധം ഏറെനേരം ഗതാഗതക്കുരുക്കിനിടയാക്കിയതോടെ പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു. റോഡ് ഉപരോധിച്ചതിന് 25ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവം ഭീതിജനകവും ഉത്കണ്ഠജനകവുമാണെന്ന് ലീഗ്. പൊലീസ് അന്വേഷണം ഊർജിതമാക്കി അഹമ്മദിനെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ, മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.