നാദാപുരം: മഞ്ഞപ്പിത്തബാധ വ്യാപകമായ വാണിമേലിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 16ാം വാർഡിലാണ് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത്. സ്കൂൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം ആരംഭിച്ചു. ഉറവിടം നിശ്ചയമില്ലെങ്കിലും വാണിമേൽ വയൽപീടികയിലെ തോട്ടിലെ മാലിന്യം രോഗബാധ കൂട്ടാൻ ഇടയാക്കുന്നതായി സംശയിക്കുന്നു. അറവുമാലിന്യം ഉൾപ്പെടെ തോട്ടിൽ തള്ളുന്നത് പരിസരവാസികൾക്ക് ഭീഷണി ഉയർത്തുന്നു. ശുചിത്വമില്ലാത്ത ഭക്ഷണപാനീയങ്ങൾ, വ്യക്തിശുചിത്വം പാലിക്കാതെയുള്ള ഇടപെടലുകൾ എന്നിവ മഞ്ഞപ്പിത്തം പടരുന്നതിന് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
16ാം വാർഡിന് പുറമേ ഗ്രാമപഞ്ചായത്തിലെ മറ്റ് വാർഡുകളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അറിയിച്ചു. വിദ്യാർഥികളും രോഗബാധിതരിൽ ഉൾപ്പെട്ടതിനാൽ ആരോഗ്യ പ്രവർത്തകർ സ്കൂളുകളിൽ ബോധവത്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും ആരംഭിച്ചു.
സ്കൂൾ പരിസരങ്ങളിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ, സുരക്ഷിതമല്ലാത്ത പാനീയങ്ങൾ എന്നിവ വിൽപന നടത്തരുതെന്ന് കർശന നിർദേശം നൽകി. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഏറെ ജാഗ്രത പാലിക്കണമെന്നും രോഗബാധിതർ പൊതുപരിപാടികളിലും ആഘോഷവേളകളിലും പങ്കെടുക്കരുതെന്നും അറിയിച്ചു. വിവാഹം, സൽക്കാരം, മറ്റ് ആഘോഷവേളകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും മെഡിക്കൽ ഓഫിസർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു.
ഹോട്ടൽ, കൂൾബാർ, സ്കൂൾ പാചകപ്പുരകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് പരിശോധനകൾക്കും ബോധവത്കരണത്തിനും നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.പി. സതീഷ്, പി. വിജയരാഘവൻ, കെ.എം. ചിഞ്ചു, പി.ജെ. അനുമോൾ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.