നാദാപുരം: വേനൽമഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ നാദാപുരം മേഖലയിൽ അപ്രതീക്ഷിത നാശനഷ്ടം. നാദാപുരം, കുമ്മങ്കോട്, കക്കംവെള്ളി, എടച്ചേരി, തലായി, മുതുവടത്തൂർ എന്നിവിടങ്ങളിൽ വ്യാപകമായി മരങ്ങൾ കടപുഴകി വൈദ്യുതിലൈനിലും വീടുകൾക്കുമുകളിലും പതിച്ചു. ഇതേ തുടർന്ന് കല്ലാച്ചി ഇലക്ട്രിക് സെക്ഷന് കീഴിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലായി. ഹൈടെൻഷൻ, സാധാരണ ലൈനുകൾ എന്നിവയെല്ലാം തകർന്നവയിലുണ്ട്.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. കുമ്മങ്കോട്ടെ തൊടുവയിൽ സാജി, പുത്തം പുരയിൽ ഹൈദ്രൂസ് തങ്ങൾ എന്നിവരുടെ വീടിന് മുകളിൽ തെങ്ങ് വീണ് കേടുപറ്റി. വരിക്കോളി തയ്യിൽ പ്രസന്നന്റെ വീട് പൂർണമായും തകർന്നു. സി.വി. യൂനുസിന്റെ വീട്ടിലെ തെങ്ങ് വൈദ്യുതിലൈനിൽ പതിച്ചു. പുത്തംപുരയിൽ കാസിമിന്റെ പറമ്പിലെ, പുളിക്കൂൽകടോളി പറമ്പിലെ തെങ്ങ് കടപുഴകി.
എടച്ചേരി സംസ്ഥാനപാതയോട് ചേർന്ന ജ്വാല വായനശാല റോഡ് തുടങ്ങുന്നിടത്തെ കൊടുങ്ങാം പുറത്ത് അമ്മദിന്റെ വീട്ടിലെ തെങ്ങ് പകുതിഭാഗത്തുവെച്ച് പൊട്ടി വൈദ്യുതിക്കമ്പിയിൽ കുടുങ്ങിയ നിലയിലാണ്. കുമ്മങ്കോട് തൊടുവയിൽ അയിശുവിന്റെ വീട്ടിലെ മുരിങ്ങമരം വീണ് 110 കെ.വി ലൈൻ തകർന്നു. 19ാം വാർഡ് മഠത്തിൽ സ്രാമ്പിക്ക് സമീപം കൂറ്റൻ മാവ് നിലംപതിച്ചു.
കനത്ത് പെയ്ത മഴ കുത്തിയൊഴുകി എടച്ചേരി തലായിലെ വലിയ പറമ്പത്ത് അന്ത്രമാന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. കല്ലും മണ്ണും റോഡിലേക്ക് വീണതിനെ തുടർന്ന് ഏറെനേരം തലായി-മുതുവടത്തൂരിൽ ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്ത് വൈദ്യുതിത്തൂൺ പൊട്ടി തൂങ്ങിനിൽക്കുന്ന നിലയിലാണ്. കാറ്റിലും മഴയിലും നിരവധി മരങ്ങൾ പിഴുതുവീഴുകയും കുലച്ചതും കുലക്കാത്തതുമായ വാഴ നിലംപൊത്തിയ നിലയിലുമാണ്.
ആയഞ്ചേരി: വേനൽമഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റിൽ ആയഞ്ചേരി പഞ്ചായത്തിൽ നാശനഷ്ടം. ബുധനാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ പഞ്ചായത്തിലെ മംഗലാട് പൊതുവാണ്ടി ശങ്കരന്റെ വീടിന്റെ മേൽക്കൂരയിൽ തെങ്ങ് പൊട്ടിവീണ് ചുമർ രണ്ടായി പിളർന്നു. നാട്ടുകാരും സന്നദ്ധസേനയും തെങ്ങ് മുറിച്ചുമാറ്റി. കടമേരി കാമിച്ചേരി പെരുവച്ചേരിനട ഭാഗത്ത് വൈദ്യുതിലൈനിൽ തെങ്ങ് വീണ് ഏഴ് വൈദ്യുതിത്തൂണുകൾ നിലംപതിച്ചു.
പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു. ആയഞ്ചേരി ടൗണിൽ ഇലക്ട്രിസിറ്റി ഓഫിസിന് സമീപം വൈദ്യുതി ലൈനിൽ തെങ്ങ് പൊട്ടിവീണു. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, ബ്ലോക്ക് അംഗം സി.എച്ച്. മൊയ്തു മാസ്റ്റർ, വാർഡ് അംഗം എ. സുരേന്ദ്രൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.