നാദാപുരം: തൂണേരി വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിൽ നിർമ്മാണം നിർത്തി. മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പ്രവൃത്തികൾ നിർത്തിവെക്കാൻ വില്ലേജ് സമിതി യോഗത്തിൽ തീരുമാനിച്ചത്.
ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട ആക്ഷേപം കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന വില്ലേജ് സമിതി യോഗത്തിൽ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് യു.കെ. വിനോദ് കുമാർ, സി.പി.എം നേതാവ് പി.കെ. സുകുമാരൻ എന്നിവരാണ് വില്ലേജ് സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രവൃത്തി നടക്കുന്നത് എന്ന് വില്ലേജ് സമിതിക്ക് ബോധ്യമായ സാഹചര്യത്തിലാണ് നിർമാണം നിർത്തിവെക്കാൻ തീരുമാനമായത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നിർമ്മിതി കേന്ദ്രയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ആക്ഷേപം. അഞ്ചു ലക്ഷം രൂപയാണ് നിർമ്മാണ പ്രവൃത്തിക്ക് റവന്യൂ വകുപ്പ് അനുവദിച്ചിട്ടുള്ളത്.
വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി അളന്നു തിട്ടപ്പെടുത്താതെയുള്ള ചുറ്റുമതിൽ നിർമാണം ഭാവിയിൽ സർക്കാർ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കും എന്ന ആക്ഷേപവും നിലവിലുണ്ട്.
ഭാവിയിലെ റോഡ് വികസനത്തിനും വില്ലേജ് ഓഫീസ് കെട്ടിട വികസന പ്രവർത്തനങ്ങൾക്കും തടസ്സമാകുന്ന രീതിയിലാണ് നിർമാണ പ്രവൃത്തികൾ നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.