നാദാപുരം: കിടത്തിച്ചികിത്സയെച്ചൊല്ലി വ്യാപക പരാതി നിലനിൽക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയിൽ മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് രണ്ടു ദിവസമായി നിറയെ രോഗികൾ. കഴിഞ്ഞ രണ്ടു മാസമായി പൊതുപ്രവർത്തകർ ശേഖരിച്ച വിവരപ്രകാരം ആശുപത്രിയിലെ കിടത്തിച്ചികിത്സ ലഭിച്ച രോഗികൾ 10 മുതൽ 12 വരെ ആയിരുന്നു.
എന്നാൽ, ആരോഗ്യമന്ത്രി വീണ ജോർജിന്റെ വരവ് പ്രമാണിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചവരുടെ എണ്ണം 40ന് മുകളിലായിരുന്നു. ആശുപത്രി പ്രവർത്തനത്തെക്കുറിച്ച് വ്യാപക പരാതിയാണ് ആശുപത്രി മുറ്റത്തുവെച്ചുതന്നെ നാട്ടുകാർ ഉന്നയിച്ചത്. തുടർന്ന് വാർഡുകളും അത്യാഹിത വിഭാഗവും മന്ത്രി സന്ദർശിച്ചു. നേരത്തേ നിശ്ചയിച്ച അവലോകന യോഗം വെട്ടിച്ചുരുക്കി മന്ത്രി വടകരയിലേക്ക് തിരിക്കുകയായിരുന്നു.
ഏതാനും മാസം മുമ്പ് ആശുപത്രിയിൽ മന്ത്രി നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക കൃത്യവിലോപമാണ് കണ്ടെത്തിയത്. ഇതിന്റെ പേരിൽ പലർക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. സ്പെഷലിസ്റ്റ് തസ്തികയിൽ കൂടുതൽ ആളെ നിയമിക്കണമെന്ന നിർദേശം നേരത്തേ ഉയർന്നിരുന്നു. എന്നാൽ, ഈ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള തടസ്സങ്ങളാണ് ഉയർത്തിക്കാണിക്കുന്നത്. ഇ.കെ. വിജയൻ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, വി.വി. മുഹമ്മദലി, കെ.പി. പ്രദീഷ്, എൻ.കെ. പത്മിനി, ബ്ലോക്ക് മെംബർമാരായ രജീന്ദ്രൻ കപ്പള്ളി, സി.എച്ച്. നജ്മബീവി, ആശുപത്രി ജീവനക്കാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
മ്യൂച്ചൽ ട്രാൻസ്ഫർ വഴി ഗൈനക്കോളജിസ്റ്റിനെ എത്തിക്കാൻ നടപടിയെടുക്കുമെന്ന്
കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ലീവിലുള്ള ഗൈനക്കോളജിസ്റ്റിനു പകരം മ്യൂച്ചൽ ട്രാൻസ്ഫർ വഴി ഡോക്ടറെ എത്തിക്കാൻ ശ്രമിക്കുമെന്ന് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ പറഞ്ഞു. നിലമ്പൂരിലുള്ള ഗൈനക്കോളജിസ്റ്റിനെ കുറ്റ്യാടിയിലേക്കും കുറ്റ്യാടിയിൽ ലീവിലുള്ള ഡോക്ടറെ നിലമ്പൂരിലേക്കും മാറ്റാനാണ് ആലോചിക്കുന്നത്. ഇരുവർക്കും അതിന് സമ്മതമാണ്. എം.എൽ.എ നിയമസഭയിൽപോലും കുറ്റ്യാടി ആശുപത്രിയിലെ വിഷയം എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.