നാദാപുരം: സ്വന്തം മെംബർമാരുടെ തന്നെ ഉടക്കിലും ചില പ്രാദേശിക നേതാക്കളുടെ തെറ്റായ ഇടപെടലിലും മനംമടുത്ത് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലീഗ് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ ഞായറാഴ്ച രാത്രി പേരോട് നടന്ന മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം രാജി ആവശ്യം തള്ളി.തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുസ്ലിം ലീഗിലെ പി. ഷാഹിനയാണ് കഴിഞ്ഞ ദിവസം നേതൃത്വത്തിനു മുമ്പാകെ രാജി സന്നദ്ധത അറിയിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ ദിവസം പ്രസിഡൻറിെൻറ വാർഡിലെ ശുചീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു മുതിർന്ന നേതാവ് പ്രസിഡൻറിെൻറ വീട്ടിലെത്തി അപമര്യാദയായി സംസാരിച്ചിരുന്നു.
പഞ്ചായത്തിലെ ആസൂത്രണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പാർട്ടിയിലെ തന്നെ പ്രബല അംഗങ്ങളുടെ നേതൃത്വത്തിൽ തടസ്സം നിൽക്കുന്നതായി നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. കൂടാതെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പല സമരങ്ങൾക്കു പിന്നിലും ഇത്തരം ഇടപെടലുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലെ ആദ്യ യോഗം തന്നെ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിലാണ് കലാശിച്ചത്.
ഒന്നാം വാർഡിലെ തൊഴിലുറപ്പിലെ ഒരു മാറ്റുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ വിവാദമായി മാറുകയും വനിത കമീഷനിൽ അടക്കം പരാതി എത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിനെതിരെ അടുത്ത കാലത്ത് ഉയർന്നുവന്ന പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ മറ്റുള്ള അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്. ഭരണ മികവിൽ ആറു മാസം കൊണ്ടു തന്നെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ഇവർ നേടിയിരുന്നു. ഇതിെൻറ ഭാഗമായി മേഖലയിലെ ഏറ്റവും നല്ല വനിത സാമൂഹിക പ്രവർത്തകക്ക് സ്വകാര്യ സംഘടന ഏർപ്പെടുത്തിയ എക്സലൻസി അവാർഡ് കഴിഞ്ഞ മാസം പ്രസിഡൻറിനാണ് ലഭിച്ചത്.
ഭരണ രംഗത്ത് കഴിവ് തെളിയിച്ച് മുന്നോട്ടു പോകുന്നതിനിടെ സ്വന്തം പാളയത്തിൽ നിന്നുള്ള ചരടുവലിയാണ് ഇവരെ അസ്വസ്ഥരാക്കുന്നതെന്നാണ് ജനസംസാരം. എന്നാൽ, രാജി സന്നദ്ധതയെ അറിയിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ പ്രസിഡൻറ് തയാറായില്ല. ലീഗ് നേതൃത്വവും രാജി വിഷയം നിഷേധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.