നാദാപുരം: മണ്ഡലത്തിൽ ആറായിരത്തിലധികം വ്യാജ വോട്ടുകൾ ചേർത്തതായും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമംനടക്കുന്നതായും സ്ഥാനാർഥി അഡ്വ. കെ. പ്രവീൺ കുമാർ നാദാപുരത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളിൽ പേരുള്ള 1560 വോട്ടർമാരും പട്ടികയിലുണ്ട്. ഇവയിൽ 1482 വോട്ടും എൽ.ഡി.എഫ് പ്രവർത്തകരുടേതാണ്. നേതാക്കളുടെയും താഴെത്തട്ടിലുള്ള പ്രവർത്തകരുടെയും പേരിലാണ് ഒന്നിലധികം വോട്ടുകൾ ചേർത്തിരിക്കുന്നത്. വ്യാജ വോട്ടിലൂടെ കൃത്രിമ വിജയം നേടാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.
ഇത്തരം വ്യാജ വോട്ടുകൾ ചെയ്യാതിരിക്കാൻ ഏതറ്റംവരെയും പോകും. ഇതുബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ, സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ, കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഫലംകണ്ടില്ലെങ്കിൽ കോടതിയെ സമീപിക്കും. പ്രശ്നബൂത്തുകൾ കണ്ടെത്തുന്നതിലും കലക്ടർ പക്ഷപാതിത്വം കാണിച്ചതായി പ്രവീൺ കുമാർ ആരോപിച്ചു.
എടച്ചേരി, വളയം, നരിപ്പറ്റ പഞ്ചായത്തുകളിൽ മാത്രം 27 പ്രശ്നബൂത്തുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ കുറിച്ച് പരാതി നൽകിയിട്ടും കലക്ടർ മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പകരം സമാധാനപരമായി പോളിങ് നടക്കുന്ന സ്ഥലങ്ങൾ പ്രശ്നബാധിത മേഖലയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയിരിക്കുകയാണ്. പോളിങ് ഓഫിസർമാരെ ഭീഷണിപ്പെടുത്തി ബൂത്തുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന എൽ.ഡി.എഫ് രീതി ഈ തെരഞ്ഞെടുപ്പിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ കെ.എം. രഘുനാഥ്, മണ്ഡലം യു.ഡി.എഫ് കൺവീനർ അഡ്വ. എ. സജീവൻ, സി.വി. കുഞ്ഞികൃഷ്ണൻ, എൻ.കെ. മൂസ, അഹ്മദ് കുറുവയിൽ, രജീഷ് വളയം, പി.കെ. ദാമു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.