നാദാപുരം: അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും മയ്യഴിപ്പുഴയെ ഇല്ലാതാക്കുന്നു. പശ്ചിമഘട്ട മലകളോട് ചേർന്നുനിൽക്കുന്ന വായനാടിെൻറയും കോഴിക്കോടിെൻറയും കിഴക്കൻ അതിർത്തിയായ പാനോം മലനിരകളിൽ നിന്നാണ് പുഴയുടെ തുടക്കം. പുഴ വിലങ്ങാട് ടൗണിലൂടെ വിസ്തൃതി പ്രാപിച്ചു വാണിമേൽ, വളയം,നാദാപുരം ചെക്യാട്, തൂണേരി കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ, കരിയാട് എന്നിവിടങ്ങളിൽ നിന്ന് വീണ്ടും കോഴിക്കോട്ടെ എടച്ചേരി, ഏറാമല, ഒഞ്ചിയം വഴി മുപ്പത്തഞ്ചു കിലോമീറ്റർ നീളത്തിൽ മാഹിയിൽ കടലിനോട് സംഗമിക്കുന്നു.
ഉത്ഭവ സ്ഥാനത്തുതന്നെ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും പുഴയുടെ നിലനിൽപുതന്നെ അപകടമാക്കി.
ഇരു കരകളുടെയും കൈയേറ്റം മൂലം മെലിഞ്ഞ പുഴയിൽ ഉൾക്കൊള്ളാവുന്ന വെള്ളത്തിെൻറ അളവ് ഓരോ വർഷവും കുറഞ്ഞുവരുകയാണ്. ഉത്ഭവസ്ഥാനത്തിന് താഴെത്തന്നെ വിലങ്ങാട് ടൗണിനു മുകളിലായി മിനി ജലവൈദ്യുത പദ്ധതിക്കു വേണ്ടി കെ.എസ്.ഇ.ബി നിർമിച്ച തടയണ താഴോട്ടേക്കുള്ള വെള്ളത്തെ തടഞ്ഞു നിർത്തുകയും നീരൊഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
വൻ ലാഭം പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതി കാര്യക്ഷമമല്ലാത്തതിനാൽ ബോർഡിനു നഷ്ടമാണ് ഓരോ വർഷവും വരുത്തിവെക്കുന്നത്. 7.5 മെഗാ വാട്ട് ഉൽപാദനം ലക്ഷ്യമിട്ടിരുന്ന പദ്ധതിയിൽ ഇതുവരെ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
മലമുകളിൽ ആരംഭിച്ച കരിങ്കൽ ഖനന കേന്ദ്രങ്ങളും ക്രഷറുകളും പുഴയിലേക്കുള്ള നീരൊഴുക്കിനെ തടസ്സപ്പടുത്തുന്നു. ഇവിടങ്ങളിലേക്കുള്ള റോഡുകളും വഴികളും നിർമിച്ചിരിക്കുന്നത് പുഴയിലേക്കുള്ള പ്രധാന ജലസ്രോതസ്സുകളായ ചോലകളും നീർച്ചാലുകളും നികത്തിയാണ്.
ഏകദേശം 12 കിലോമീറ്റർ പിന്നിട്ട് ചെക്യാട് പഞ്ചായത്തിെൻറയും നാദാപുരം പഞ്ചായത്തിെൻറയും അതിർത്തിയിലേക്ക് പ്രവേശിക്കുന്നതോടെ പുഴയുടെ സർവനാശവും ആരംഭിക്കുന്നു. വടകരയിലേക്കുള്ള കുടിവെള്ള പമ്പിങ്ങിനായി വെള്ളം തടഞ്ഞുനിർത്താൻ ഇവിടെ പണിത വന്മതിൽ പുഴയെ രണ്ടായി വിഭജിക്കുന്നു. വടകരയിലേക്കുള്ള ശുദ്ധജല വിതരണത്തിനു വാട്ടർ അതോറിറ്റി പണിത പമ്പ് ഹൗസ് വിഷ്ണു മംഗലത്താണ് പ്രവർത്തിക്കുന്നത്.
1987വരെ താൽക്കാലിക തടയണ കെട്ടി വെള്ളം തടഞ്ഞുനിർത്തിയാണ് വെള്ളം പമ്പു ചെയ്തിരുന്നത്. എന്നാൽ, തൊണ്ണൂറോടു കൂടി പുഴക്കു കുറുകെ നാലു മീറ്റർ ഉയരത്തിൽ സ്ഥിരം ബണ്ടു പണിതതോടെ പുഴയുടെ സ്വാഭാവികത തന്നെ നഷ്ടമായി. രണ്ടായി വേർതിരിക്കപ്പെട്ട പുഴയിൽ മുകൾഭാഗത്ത് എക്കലും മണ്ണും അടിഞ്ഞുകൂടി ആഴം കുറയുകയും ജലസംഭരണത്തിെൻറ അളവ് ഓരോ വർഷവും കുറയുകയും ചെയ്തു.
താഴ്ഭാഗത്ത് വെള്ളം ലഭിക്കാതെ തുരുത്തുകളായി മാറിയതിനാൽ പുഴയെ ആശ്രയിച്ചു നടന്നിരുന്ന കൃഷികളും മറ്റു ജോലികളും ഇല്ലാതായി. വർഷകാലങ്ങളിൽ ബണ്ടിന് സമീപത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഓരോ കാലവർഷത്തിലും വൻ സാമ്പത്തിക നഷ്ടമാണ് സർക്കാറിനും സമീപ വാസികൾക്കും വരുത്തിവെക്കുന്നത്. പെരിങ്ങത്തൂരിൽ നിന്നും മാഹിവരെ പ്രാദേശിക ടൂറിസം വികസനത്തിെൻറ ഭാഗമായി സ്വകാര്യ കമ്പനിയുടെ ബോട്ട് സർവിസ് ആരംഭിക്കാനുള്ള പ്രവർത്തനം നടന്നുവരുകയാണ്. പെരിങ്ങത്തൂർ പാലത്തിനു സമീപം ബോട്ട് ജെട്ടിയുടെ നിർമാണ പ്രവർത്തനം പൂർത്തിയാകാറായി.
അനിയന്ത്രിതമായ ബോട്ട് സർവിസ് പുഴയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുമെന്ന പരാതിയുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തുണ്ട്.
മലിനീകരണത്തിെൻറ തോതും ഉയരുന്നു മയ്യഴിപ്പുഴയിലും കേരളത്തിലെ മറ്റു പുഴകളിലും 2009ൽ വേൾഡ് മലയാളി കൗൺസിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഉയർന്ന തോതിലുള്ള മലിനീകരണമാണ്.
മയ്യഴിപ്പുഴയിലെ ഓക്സിജെൻറ അളവ് ക്രമാതീതമായി താഴ്ന്നു. 53 ശതമാനത്തിൽ എത്തിയതായി പഠന സംഘം വെളിപ്പെടുത്തിയിരുന്നു. കടലിനോടു ചേർന്ന പുഴയായിട്ടും ആസിഡിെൻറ അളവ് 20 ശമാനത്തിനു മുകളിലാണ്.
ഇത് ഏറെ ആശങ്കയുളവാക്കുന്നു. ഓക്സിജെൻറ അളവ് കുറയുകയും ആസിഡിെൻറ അളവ് കൂടുകയും ചെയ്യുന്നത് പുഴയിലെ മത്സ്യസമ്പത്തിനെയും ബാധിച്ചിട്ടുണ്ട്.
പരമ്പരാഗതമായി ലഭിച്ച പല മത്സ്യ ഇനങ്ങളും ഇപ്പോൾ കാണാനില്ല. പുഴയിലെ ആസിഡിെൻറ അളവ് ഉയരുന്നത് തീരവാസികളിൽ പലതരം ത്വഗ്രോഗങ്ങൾക്കും അലർജിക്കും ഇടയാക്കുന്നു.
ഹോട്ടൽ മാലിന്യങ്ങൾ, അറവുമാലിന്യങ്ങൾ എന്നിവയുടെ ക്രമാതീതമായ തള്ളലാണ് വെള്ളത്തിെൻറ വ്യാപക മലിനീകരണത്തിന് ഇടയാക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.