വിലങ്ങാട് പുതുക്കയം തിരികക്കയം വെള്ളച്ചാട്ടം

വിലക്ക് ലംഘിച്ച് വെള്ളച്ചാട്ടം കാണാനെത്തുന്നത് നാട്ടുകാർക്കും പൊലീസിനും തലവേദനയാകുന്നു

നാദാപുരം: അപകടമുന്നറിയിപ്പ് ലംഘിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യുവാക്കളുടെ വരവ് പൊലീസിനും നാട്ടുകാർക്കും തലവേദനയാകുന്നു. പുതുക്കയം തിരികക്കയം വെള്ളച്ചാട്ടത്തിൽ അപകടത്തിൽപെട്ട വിദ്യാർഥി മരിച്ചു. കുരിക്കിലാട് കൊളായ മീത്തൽ ഷംസുദീന്റെയും സജിനയുടെയും മകൻ ഷാനിസ് (16) ആണ് ശനിയാഴ്ച ഉച്ചയോടെ പുതുക്കയം തിരികക്കയം വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽപെട്ട് മരിച്ചത്.

കൗമാര സംഘത്തിലെ അഞ്ചു വിദ്യാർഥികൾ ശനിയാഴ്ച ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തിൽ എത്തിയത്. വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള പാറയിൽ കയറിയപ്പോൾ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. തത്സമയം മരണം സംഭവിച്ചതായി കരുതുന്നു. നാട്ടുകാരാണ് വിദ്യാർഥിയെ ഭൂമിവാതുക്കൽ മെഡി ചെക്ക് ഹെൽത്ത് സെൻററിൽ എത്തിച്ചത്.

വിലങ്ങാട്, കുറ്റ്യാടി മലനിരകളോട് ചേർന്ന പ്രകൃതിരമണീയ സ്ഥലങ്ങൾ സന്ദർശിക്കാനാണ് യുവാക്കളുടെ സംഘങ്ങൾ എത്തുന്നത്. ബൈക്കിലും ആഡംബര വാഹനങ്ങളിലും എത്തുന്ന ഇവർ പ്രദേശവാസികൾക്ക് ശല്യമാവുകയാണ്. അപകടകരമായ രീതിയിൽ ഒഴുകുന്ന പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്ന നാട്ടുകാരുടെയും പൊലീസിന്റെയും മുന്നറിയിപ്പ് ലംഘിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. ഏറെ അപകടം പിടിച്ചതും വെള്ളച്ചാട്ടത്തിന്റെ മുഖ്യ ആകർഷകവുമായ 100ലധികം അടി ഉയരമുള്ള പാറക്ക് മുകളിൽ കയറി ഫോട്ടോ എടുക്കാനാണ് സന്ദർശകർക്ക് താൽപര്യം. ഇവിടെ നിന്നും ഫോട്ടോ എടുക്കാനുള്ള ശ്രമമാണ് വിദ്യാർഥിയെ അപകടത്തിൽപെടുത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടി വിജയിച്ച ഷാനിസിന്റെ വിയോഗം നാട്ടുകാരെയും ഏറെ ഞെട്ടിച്ചു. മഴ ആരംഭിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. മൂന്നു വർഷം മുമ്പും പാറയുടെ മുകളിൽനിന്ന് താഴെവീണ ഒരാൾ ഇവിടെ മരിച്ചിരുന്നു.

Tags:    
News Summary - Visiting the waterfall headache for the locals and the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.