നാദാപുരം: അക്രമം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്. ചാലപ്പുറത്തെ ഭർതൃവീട്ടിൽവെച്ച് കീഴൽ സ്വദേശിനി റുബീന കഴിഞ്ഞ മാസം മൂന്നിന് ഗുരുതരമായി ആക്രമിക്കപ്പെട്ട കേസിലാണ് പ്രതികളെ പിടികൂടാത്തത്. ഇതിനെതുടർന്ന് നാട്ടുകാരിൽ പ്രതിഷേധം വ്യാപകമാവുകയാണ്. നേരത്തെ മുൻകൂർ ജാമ്യഹരജിയുടെ പേരിലാണ് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് അലംഭാവം കാണിച്ചിരുന്നത്. എന്നാൽ, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ട് പത്ത് ദിവസത്തോളമായി. പ്രതികൾ ദിവസവും ഇവരുടെ വീട്ടിൽ വരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചാലപ്പുറത്ത് ചേർന്ന സർവ കർമസമിതി യോഗം ആവശ്യപ്പെട്ടു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റുചെയ്യാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്. എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭർത്താവ് പിലാവുള്ളതിൽ താമസിക്കും കുന്നോത്ത് ജാഫറും സഹോദരന്മാരും ചേർന്ന് റുബീനയെ മർദിച്ചുവെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ റുബീന വടകര സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു.
കർമസമിതി ചെയർമാൻ ടി.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി. തങ്ങൾ, അഡ്വ. പി.ടി. ഇല്യാസ്, വില്യാപ്പളളി പഞ്ചായത്ത് അംഗം എം.കെ. സനിയ, തൂണേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ റജുല നിടുമ്പ്രത്ത്, ഫസൽ മാട്ടാൻ, കെ.കെ. ബാബ, കേളോത്ത് സുരേന്ദ്രൻ, ടി.എം. കുമാരൻ, കെ.കെ. സത്യനാഥൻ, സി.എച്ച്. നാരായണൻ, സി.കെ. ബഷീർ, അലി മാട്ടാൻ, കെ.യു. ലത്തീഫ്, സി.എച്ച്. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.