നടുവണ്ണൂർ: സ്വന്തം കാലിൽ ഉറച്ച് നിൽക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കാൻ മുന്നിൽ നടക്കുകയാണ് ഷാജിന ടീച്ചർ. നടുവണ്ണൂർ മൗണ്ട് സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് സെന്റർ നടത്തുന്ന ടീച്ചർ ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളാണ്.
വിവാഹ ശേഷം വീട്ടിൽ ഒതുങ്ങിക്കൂടാതെ ഫാഷൻ ഡിസൈനിങ് പരിശീലന രംഗത്ത് വിജയഗാഥ സൃഷ്ടിക്കുകയാണിവർ. ആദ്യം തിരൂരിലായിരുന്നു സെന്റർ. അതിന്റെ അനുഭവ പരിചയം വെച്ചാണ് 2021ൽ കുടുംബശ്രീയുടെ സഹായത്തോടെ നടുവണ്ണൂരിൽ സെന്റർ തുടങ്ങിയത്.
ആൺകുട്ടികളടക്കം 70ഓളം കുട്ടികൾ ഇന്ന് ഇവിടെ പഠിക്കുന്നു. കുടുംബശ്രീയിയുടെ 10 ലക്ഷം രൂപ സഹായത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. കേരള ഗവ. ടെക്നിക്കൽ എജുക്കേഷൻ വകുപ്പ് നടത്തുന്ന ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്.ഡി.ജി.ടി) കോഴ്സാണ് ഇവിടെ പഠിപ്പിക്കുന്നത്. പട്ടികജാതി, വർഗ വിദ്യാർഥികൾക്ക് സൗജന്യമായാണ് ക്ലാസ്.
കെ ടെറ്റ് എഴുതാനും യു.പി, ഹൈസ്കൂൾ ടീച്ചറാകാനും യോഗ്യതയുള്ള പി.എസ്.സി പരീക്ഷക്ക് അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സാണിത്. പി.എസ്.സി അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകവഴി സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ ഇൻസ്ട്രക്ടർ, വർക്ക് എക്സ്പീരിയൻസ് ടീച്ചർ എന്നീ മേഖലകളിൽ ജോലി നേടാൻ സാധിക്കുന്നു.
കൂടാതെ അപ്പാരൽ കമ്പനികളിൽ ലൈൻ അസിസ്റ്റന്റ്, ക്വാളിറ്റി കൺട്രോളൾ, സൂപ്പർവൈസർ, പോളിടെക്നിക് ഇൻസ്ട്രക്ടർ എന്നിങ്ങനെ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്നു. സർക്കാർ സഹായത്തോടെ സ്വയം സംരംഭം തുടങ്ങാൻ സാധിക്കുകയും ചെയ്യുന്നു.
ഈ കോഴ്സിൽ ഫാഷൻ ഡിസൈനിങ്ങിന് പുറമെ കമ്പ്യൂട്ടർ ഡിസൈനിങ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നിവയും പഠിപ്പിക്കുന്നു. സ്കൂളുകളിലെ വർക്ക് എക്സ്പീരിയൻസ് ടീച്ചർമാർക്ക് പി.എസ്.സി നിശ്ചയിച്ച ഒരേയൊരു യോഗ്യത ഈ കോഴ്സാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് 20,000 രൂപ ഗവ. സ്കോളർഷിപ്പും ലഭിക്കുന്നു.
വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്ക് സ്വയംതൊഴിൽ സംരംഭകരാകാനും തൊഴിൽ നേടാനും കോഴ്സ് വഴി സാധിക്കുമെന്ന് ഷാജിന ടീച്ചർ പറയുന്നു. നിലവിൽ ആറോളം അധ്യാപികമാർ സെൻററിൽ ജോലിചെയ്യുന്നുണ്ട്. സ്വന്തമായ ഐഡന്റിറ്റി ഉണ്ടാക്കണമെന്ന ശക്തമായ ആഗ്രഹത്തിന്റെ പുറത്താണ് ഷാജിന ടീച്ചർ വിവാഹശേഷം ഈ രംഗത്തേക്ക് വന്നത്.
തന്റെ ഒരുപാട് വിദ്യാർഥികൾ ഇതിനകം ഫാഷൻ ഡിസൈനിങ്ങിൽ ഉയർന്ന ശമ്പളം വാങ്ങുന്നുവെന്നും മേഖലയിൽ ഏറെ സംതൃപ്തയാണെന്നും ടീച്ചർ പറയുന്നു. എടപ്പാൾ പൂക്കറത്തറ ഡി.എച്ച്. ഒ.എസ്.എസിൽ അധ്യാപകനായ ഭർത്താവ് വി.കെ. നസീർ പൂർണ പിന്തുണയുമായി ടീച്ചർക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.