നടുവണ്ണൂർ: കുട്ടികളുടെ എണ്ണം യഥാസമയം നൽകിയില്ല. രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിൽ പഠിപ്പുമുടക്കി പ്രതിഷേധം. നടുവണ്ണൂർ ഗവ. ജി.എം.എൽ.പി സ്കൂളിലാണ് കുട്ടികളും രക്ഷിതാക്കളും ബുധനാഴ്ച രാവിലെ 10 മണിയോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുട്ടികളുടെ കണക്ക് യഥാസമയം സ്കൂളിൽനിന്നും കൊടുക്കാത്തതിനാൽ മൂന്ന് അധ്യാപക തസ്തികകൾ ഇവിടെ നഷ്ടമായിരുന്നു. സമ്പൂർണയിൽ വിദ്യാർഥികളുടെ ആധാർ അപ്ഡേഷൻ നടത്താത്തതിനാലാണ് തസ്തിക നഷ്ടമായത്.
61 വിദ്യാർഥികളുടെ ആധാർ അപ്ഡേഷൻ സമ്പൂർണയിൽ സ്കൂൾ അധികൃതർ നടത്തിയിട്ടില്ല. 151 കുട്ടികളാണ് നിലവിൽ ഇവിടെയുള്ളത്. സ്കൂളിൽ മതിയായ കുട്ടികളുണ്ടായിട്ടും എണ്ണം നൽകാത്തതാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്. സ്കൂൾ തുറന്ന ആറാം പ്രവൃത്തി ദിവസത്തിലാണ് സ്കൂളിൽ മൊത്തം ഹാജരായ കുട്ടികളുടെ കണക്ക് സർക്കാറിലേക്ക് സമർപ്പിക്കേണ്ടത്. ഇതിന്റെയടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. അധ്യാപകർ ഇല്ലാത്തതിനാൽ ഇതുമൂലം നൂറുകണക്കിന് വിദ്യാർഥികൾക്കാണ് അധ്യാപനം നഷ്ടപ്പെടുന്നത്.
ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്നതായി കാണിച്ച് പി.ടി.എ ഭാരവാഹികൾ വിദ്യാഭ്യാസ ഓഫിസർക്ക് നേരത്തെ പരാതി സമർപ്പിച്ചിരുന്നു. നിലവിൽ 61 കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പിൽ ഇല്ല . അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ ഇത് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുകയും അതിന്റെ അടിസ്ഥാനത്തിൽ എ.ഇ.ഒ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ യോഗംചേർന്ന് 20 ദിവസത്തിനകം ഇതിൽ പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, സ്കൂൾ തുറന്നിട്ട് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ഈ കുട്ടികളുടെ രേഖകൾ ഇല്ലാത്തതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്. രാവിലെതന്നെ സ്കൂളിനെ സംരക്ഷിക്കുക എന്ന പ്ലക്കാഡുകളുമായിട്ടാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലേക്ക് എത്തിയത്. പി.ടി.എ പ്രസിഡന്റ് ഷഹർബാനു സാദത്ത്, പി.ടി.എ അംഗങ്ങളായ അലി മാനംകണ്ടി, വിനോദ്, സുഷാന്ത്, സുനീറ, അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി. എത്രയുംപെട്ടെന്ന് ഈ വിഷയം പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ പറഞ്ഞു. നടുവണ്ണൂർ ടൗണിൽ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഈ വിദ്യാലയം 2008ൽ കീഴുകോട്ട്കടവ് പ്രദേശവാസികൾ താൽപര്യമെടുത്ത് പ്രദേശത്തെ മദ്റസയിലാണ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2013ൽ കിഴക്കോട്ടുകടവിൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി. പ്രദേശവാസികളുടെ പൂർണ സഹകരണത്തോടെ ഓരോ വർഷവും ഇവിടെ കുട്ടികൾ വർധിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.