നടുവണ്ണൂർ: പാലോളിയിൽ വായനശാല സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തു. പുസ്തകങ്ങൾ വലിച്ചു കീറി തോട്ടിലെറിഞ്ഞു. കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പാലോളി മുക്കിലെ അലേഖ ഗ്രന്ഥാലയം ആൻഡ് വായനശാലയാണ് നശിപ്പിക്കപ്പെട്ടത്. ഒരു മാസം മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനശ്രമത്തിെൻറ ഭാഗമായാണ് പാലോളിയിൽ ഗ്രന്ഥാലയം സ്ഥാപിച്ചത്. ഒരു മാസം മുമ്പായിരുന്നു ഉദ്ഘാടനം. ഇരുളിെൻറ മറവിലാണ് സാമൂഹിക വിരുദ്ധർ വായനശാല തകർത്തത്. വായനശാലയുടെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു.
ഗ്ലാസ് മാത്രമുള്ള ജനൽ അടിച്ചുതകർത്താണ് അക്രമികൾ ഉള്ളിൽ കയറിയത്. പുസ്തകങ്ങൾ വലിച്ചു കീറി തൊട്ടടുത്ത തോട്ടിലും വായനശാലയിലും സമീപത്തെ പറമ്പിലും കീറിയെറിഞ്ഞു. 250ഓളം പുസ്തകങ്ങളാണ് നശിപ്പിച്ചത്. വായനശാലയിലെ ടെലിവിഷനും അടിച്ചുതകർത്തു. സംഭാവനയായി സ്വീകരിച്ച പുസ്തകങ്ങളും കൂട്ടായ്മ സ്വന്തംനിലക്ക് വാങ്ങിയ പുസ്തകങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്.പേജുകൾ വലിച്ചു കീറി തോട്ടിലൂടെ ഒഴുകുന്ന നിലയിലായിരുന്നു പുസ്തകങ്ങൾ. വെള്ളിയാഴ്ച രാവിലെ പത്രം വായിക്കാനെത്തിയവരാണ് വായനശാല അടിച്ചുതകർത്തത് കണ്ടത്. ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവിധ പ്രവർത്തനങ്ങളുമായി വായനശാല പ്രവർത്തകർ മുന്നോട്ടുപോകുമ്പോഴാണ് ഈ സംഭവം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ഷൈൻ, കെ.കെ. സിജിത്ത്, ഷംന എന്നിവർ സ്ഥലം സന്ദർശിച്ചു.
പ്രതികൾക്കെതിരെ ശക്തമായ നടപടി –എം.എൽ.എ
നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ പാലോളി മുക്കിൽ അലേഖ സാംസ്കാരിക കേന്ദ്രം ഇരുളിെൻറ മറവിൽ സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തതിൽ അഡ്വ.കെ.എം. സച്ചിൻ ദേവ് എം.എൽ.എ പ്രതിഷേധിച്ചു. അതിക്രമം കാണിച്ചവരെ കണ്ടെത്താനും ശക്തമായ നടപടി സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
വ്യാപക പ്രതിഷേധം
നടുവണ്ണൂർ: പാലോളി അലേഖ ഗ്രന്ഥാലയം അടിച്ചു തകർത്തതിൽ വ്യാപക പ്രതിഷേധം. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് സ്ഥലം സന്ദർശിച്ച കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ് ആവശ്യപ്പെട്ടു. സാംസ്കാരിക കേരളത്തിന് അപമാനകരമാണ് ഈ സംഭവമെന്ന് സാംസ്കാരിക പ്രവർത്തകനായ ഡോ.എ.കെ അബ്ദുൽ ഹക്കീം പറഞ്ഞു.
പ്രതികളെ എത്രയുംപെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കൺവീനറും യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗവുമായ നിസാർ ചേലേരി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് വായനശാല പരിസരത്തുവെച്ച് നടന്ന പ്രതിഷേധയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജലീൽ അധ്യക്ഷത വഹിച്ചു. നിസാർ ചേലേരി, ജമാൽ പാലോളി, എൻ.കുട്ട്യാലി, സമദ് പൂനത്ത് , കെ.എം ഷാജി, ബഷീർ പാലോളി, പി.ജാസിർ , ഇജാസ് പാലോളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.