കോഴിക്കോട്: കേന്ദ്രസർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരായ ദ്വിദിന പണിമുടക്കിെൻറ ആദ്യദിനം ജനങ്ങൾക്കെതിരായ സമരം കൂടിയായി. വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന അവസ്ഥയിലായിരുന്നു ജനങ്ങൾ. മൂന്നു ദിവസത്തെ ബസ് സമരം സമ്മാനിച്ച ദുരിതം ഏറെയായിരുന്നു. സ്വകാര്യവാഹനങ്ങൾ നിറഞ്ഞതോടെ മൂന്നു ദിവസവും റോഡുകൾ നിറയെ ഗതാഗതക്കുരുക്കായിരുന്നു.
ബസ് സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെ പണിമുടക്ക് തുടങ്ങിയത് അടുത്ത ഇരുട്ടടിയായി. പെട്രോൾ പമ്പുകൾപോലും തുറക്കാൻ സമരാനുകൂലികൾ സമ്മതിക്കാതിരുന്നതോടെ അത്യാവശ്യ യാത്രക്കാർ വലഞ്ഞു. പെട്രോൾ പമ്പുകളിൽ സമരാനുകൂലികൾ എത്തുന്നത് ടി.വിയിലും മറ്റും കണ്ടതോടെ ഉടമകൾ പമ്പ് പൂട്ടി. ഇതുകാരണം നിരവധി പേർ വഴിയിൽ കുടുങ്ങി. തുറന്നുവെച്ച ചുരുക്കം പമ്പുകളിൽ ഇന്ധനം പെട്ടെന്ന് തീരുകയും ചെയ്തു. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ തടയുന്നതിനായി സ്വന്തം വാഹനങ്ങളിലാണ് സമരാനുകൂലികൾ എത്തിയത്.
സമരപ്പന്തലുകളിലേക്കും പ്രകടനത്തിൽ പങ്കെടുക്കാനും നേതാക്കളടക്കം വാഹനങ്ങളുപയോഗിച്ചു. ഹോട്ടലുകൾ തുറക്കാത്തത് ജനത്തെ ശരിക്കും വലച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തിയ നിരവധി പേർ ഭക്ഷണം കിട്ടാതെ വലഞ്ഞു. ട്രെയിൻ കയറി കേരളം വിടാനുള്ള ശ്രമത്തിലായിരുന്നു പലരും. തെരുവിൽ അലഞ്ഞുതിരിയുന്നവർക്കും പണിമുടക്കിെൻറ ആദ്യദിനം പട്ടിണിയുടേതായി. പണിമുടക്ക് അനുകൂലികളുടെ എതിർപ്പ് ഭയന്ന് സന്നദ്ധ സംഘടനകളും മറ്റും ഇത്തവണ ജനങ്ങളെ സഹായിക്കാനെത്തിയില്ല. ദേശീയപാതയോരത്തെ ഹോട്ടലുകൾ സമരക്കാർ അടപ്പിച്ചു. രാവിലെ തുറന്ന ഹോട്ടലുകൾ പിന്നീട് ബലമായി അടപ്പിക്കുകയായിരുന്നു.
കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്നതിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും രണ്ട് ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തുന്നതിെൻറ സങ്കടമാണ് ചില കച്ചവടക്കാരും തൊഴിലാളികളും പങ്കുവെക്കുന്നത്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടുമെന്നതും അവർ ചൂണ്ടിക്കാട്ടുന്നു. നാട്ടിൻപുറങ്ങളിൽ സജീവരാഷ്ട്രീയപ്രവർത്തകരും തൊഴിലാളികളുമടക്കം ജോലി മുടക്കിയില്ല എന്നതും ശ്രദ്ധേയമായി. വമ്പൻ കോൺക്രീറ്റ് ജോലികൾ ഒഴികെയുള്ള കെട്ടിട നിർമാണ ജോലികൾ നടന്നു. പണിമുടക്ക് ദിനത്തിൽ സ്വന്തംവീട്ടിൽ തന്നെ ജോലിയെടുത്ത രാഷ്ട്രീയ പ്രവർത്തകരുമുണ്ടായി.
പണിമുടക്ക് മുൻകൂട്ടി കണ്ട് അയൽസംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര പോയവരും ഏറെയാണ്. ഊട്ടി, കുടക്, മൈസൂർ എന്നിവിടങ്ങളിലേക്കെല്ലാം ജില്ലയിൽനിന്ന് വിനോദയാത്രികർ പോയിട്ടുണ്ട്. അതേസമയം, ജോലിചെയ്യാൻപോലും കഴിയാത്ത അവസ്ഥ ഇല്ലാതിരിക്കാനാണ് പണിമുടക്കെന്നും മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചതായതിനാൽ ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടില്ലെന്നും ഒരു തൊഴിലാളി യൂനിയൻ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.