കോഴിക്കോട്: അമ്മയിൽനിന്ന് മക്കളും മരുമക്കളും ചേർന്ന് വാങ്ങിയ ഒരു ലക്ഷം രൂപ അഞ്ച് ഗഡുക്കളായി രണ്ടു മാസത്തിനുള്ളിൽ തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. മടവൂർ സ്വദേശി ഭാഗീരഥി സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. തന്റെ പരാതി പരിഗണിക്കാതെ മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി താൻ താമസിച്ച വീട് പൊളിച്ചുപണിയാൻ പണം അനുവദിച്ചെന്നും മക്കളും മരുമക്കളും ചേർന്ന് വീട് പൊളിച്ചുനീക്കിയെന്നും പരാതിക്കാരി കമീഷനെ അറിയിച്ചു.
എന്നാൽ, മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിച്ചിരുന്ന പരാതിക്കാരിയുടെ മകന് ലൈഫ് മിഷനിൽ കെട്ടിടം പുനർനിർമിക്കാൻ സഹായം അനുവദിച്ചിരുന്നതായി പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. ചേളന്നൂർ സബ് രജിസ്ട്രാർ ഓഫിസിലെ ആധാരം പരിശോധിച്ചതിൽ പരാതിക്കാരിക്ക് വീട്ടിൽ കൈവശാധികാരമുണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിക്കുകൂടി വീട്ടിൽ ഉടമസ്ഥാവകാശം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പരാതിക്കാരിയെ ബോധ്യപ്പെടുത്തുന്നതിനായി അദാലത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയെങ്കിലും പരാതിക്കാരി പങ്കെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വീട് നിർമാണം പൂർത്തിയാകുമ്പോൾ താൻ വഴിയാധാരമാകുമെന്ന പരാതിക്കാരിയുടെ ആശങ്ക അസ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് എതിർകക്ഷികളായ മക്കളെയും മരുമക്കളെയും കമീഷൻ നേരിട്ടുകേട്ടു. എതിർകക്ഷികൾ തനിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. ഇക്കാര്യം എതിർകക്ഷികളും സമ്മതിച്ച സാഹചര്യത്തിലാണ് പണം തിരികെ നൽകാൻ കമീഷൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.