കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ കൂമുള്ളിയില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി സഹോദരൻ. ബസുടമകള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ സൗത്ത് വിളിവല്ലി രതീപിന്റെ സഹോദരന് രാകേഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അപകടം വരുത്തിയ ബസ് കസ്റ്റഡിയിലെടുക്കാതെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചു. ഒക്ടോബർ 31 ഉച്ചകഴിഞ്ഞ് 2.50നാണ് കൂമുള്ളിയില്‍ വെച്ച് കുറ്റ്യാടി റൂട്ടിലോടുന്ന ഒമേഗ ബസിടിച്ച് രതീപ് (36) മരിച്ചത്. യൂനിവേഴ്സല്‍ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന്റെ കലക്ഷന്‍ ഏജന്റായ അദ്ദേഹം കലക്ഷനെടുത്ത് വരുമ്പോഴാണ് ബസ് ഇടിച്ചുതെറിപ്പിച്ചത്. റോഡില്‍ ഏഴു മിനിറ്റ് അബോധാവസ്ഥയില്‍ കിടന്ന രതീപിനെ ആശുപത്രിയില്‍ എത്തിക്കാനോ പ്രാഥമിക ചികിത്സ നല്‍കാനോ ബസ് ജീവനക്കാർ തയാറായില്ല. പിന്നീടാണ് നാട്ടുകാര്‍ തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു.
വാരിയെല്ലുകള്‍ പൊട്ടി ശ്വാസകോശത്തില്‍ തുളച്ചുകയറിയാണ് മരണം. അഞ്ചു മിനിറ്റ് മുമ്പ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
സ്കൂട്ടര്‍ അന്നുതന്നെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അപകടം വരുത്തിയ ബസ്, പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയില്ല. അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബസ് ഉള്ള്യേരി ബസ് സ്റ്റാന്‍ഡിലാണ് നിര്‍ത്തിയിട്ടിരുന്നത്. ബസിന് സ്പീഡ് ബ്രേക്കര്‍ ഇല്ലായിരുന്നതായും ഇത് ഘടിപ്പിക്കുന്നതിന് അത്തോളി പൊലീസ് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നുവെന്നും രാകേഷ് ആരോപിച്ചു. അപകടം വരുത്തിയ ഡ്രൈവറെ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയില്ല. അപകടം നടന്ന സമയത്ത് ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നുപോലും പരിശോധിച്ചിട്ടില്ല.
എഫ്.ഐ.ആറിട്ട് പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് രാത്രി എട്ടരക്കാണ്. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ബസുടമകള്‍ക്ക് അനുകൂലമായി ഒത്തുകളിക്കുകയായിരുന്നു. അപകടം വരുത്തിയ ബസിന്റെ പെര്‍മിറ്റ് കാലാവധി മൂന്നുമാസം മുമ്പ് അവസാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സഹോദരനായ മനോജ്, സുഹൃത്തുക്കളായ മുനീർ, ഉണ്ണികൃഷ്ണൻ, അൻസാർ, ഡാനിഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.