ആറിനം പുതിയ നെൽവിത്തിനങ്ങൾ പരീക്ഷിച്ചു വിജയിച്ച് ന്യൂജൻ കൂട്ടായ്മ
കൊടിയത്തൂർ: ആറിനം പുതിയ നെൽവിത്തിനങ്ങൾ പരീക്ഷിച്ച് നെൽകൃഷിയിൽ വിജയം കൊയ്തിരിക്കുകയാണ് കാരക്കുറ്റിയിലെ കൂട്ടായ്മയായ ന്യൂജൻ കർഷക കൂട്ടായ്മ. ആറേക്കറിലധികമുള്ള നെൽകൃഷി അടുത്ത വർഷം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ 24 അംഗ കൂട്ടായ്മ.
മുള്ളൻ കൈമ, രക്തശാലി, കറുവാച്ചി, കൃഷ്ണ കമോദ്, ബ്ലാക് ജാസ്മിൻ എന്നീ പുതിയ ഇനങ്ങളും പഴയ ഇനങ്ങളായ ആതിര, ഐശ്വരി, ഉമ തുടങ്ങിയ നെല്ലിനങ്ങളുമാണ് കൃഷി ചെയ്തിരുന്നത്. വിഷരഹിത വൈവിധ്യ നെല്ലുൽപാദനമായിരുന്നു ലക്ഷ്യം. വളർച്ചയിലും വിളവിലും ഗുണത്തിലും കൃഷ്ണ കമോദാണ് നല്ലതെന്നാണ് കൂട്ടായ്മയുടെ കണ്ടെത്തൽ. രുചിക്കും സുഗന്ധത്തിനും പേരുകേട്ട ഗുജറാത്ത് ബസുമതി എന്ന കൃഷ്ണ കമോദ് അരി ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്ന് ജനങ്ങൾക്ക് അറിയിക്കാനും പോഷക മൂല്യങ്ങൾ ബോധ്യപ്പെടുത്താനുമാണ് പരീക്ഷിച്ചതെന്ന് കൂട്ടായ്മ പറയുന്നു. നെൽകൃഷിക്ക് സമീപം പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. യങ്സ്റ്റർ ക്ലബിനു കീഴിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
കൊയ്ത്തുത്സവം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. എ.പി. റിയാസ്, കെ.കെ.സി. നാസർ, വി. അഹമ്മദ്, അബ്ദു ചാലിയാർ, സി.പി. അസീസ്, സുനിൽ, ആരിഫ് മുല്ലവീട്ടിൽ, ഷാജഹാൻ, എം.എ. അസീസ് ആരിഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.