കോഴിക്കോട്: നിപ സമ്പർക്കപ്പട്ടിക വിപുലമാകുന്നത് ആരോഗ്യവകുപ്പിന് കടുത്ത െവല്ലുവിളി. രണ്ടാം ദിവസം 251 പേരുടെ പട്ടിക തയാറാക്കിയതിൽ 129 പേരും ആരോഗ്യപ്രവർത്തകരായതും ഇതിൽ 54 പേർ ഹൈറിസ്ക് വിഭാഗത്തിലായതും ആശ്ചര്യത്തോടെയാണ് ചില ഉദ്യോഗസ്ഥർ തന്നെ കാണുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം നൂറോളം ആരോഗ്യപ്രവർത്തകരുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ളവരാണ് മറ്റുള്ളവർ. നിലവിൽ സമ്പർക്കപട്ടികയിലുള്ള മെഡിക്കൽ കോളജിലെ ജീവനക്കാരിൽ ഭൂരിഭാഗവും വീടുകളിലും മറ്റുമാണ് ക്വാറൻറീനിലുള്ളത്. ആർക്കും ലക്ഷണങ്ങളില്ല.
മരിച്ച മുഹമ്മദ് ഹാഷിം 22 മണിക്കൂറാണ് മെഡിക്കൽ കോളജിലുണ്ടായിരുന്നത്. അതിനിടെ പരിചരിച്ചവരും മറ്റുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഡോക്ടർമാരും നഴ്സുമാരും അറ്റൻഡർമാരും കുടുംബശ്രീ ശുചീകരണതൊഴിലാളികളും സമ്പർക്കപട്ടികയിലുണ്ട്. ആഗസ്റ്റ് 31ന് ഉച്ചക്ക് ഒരുമണിയോടെയാണ് ഹാഷിമിനെ മെഡിക്കൽ കോളജിലെത്തിച്ചത്. മാതാവും പിതാവുമായിരുന്നു കൂടെയുണ്ടായിരുന്നത്. പിറ്റേന്ന് രാവിലെ പത്തരക്ക് ശേഷം ഡിസ്ചാർജാകുന്നതുവരെ കാഷ്വാലിറ്റിയിലായിരുന്നു കുട്ടിയെ കിടത്തിയത്. മാനസികനില തെറ്റിയ രീതിയിലായിരുന്നു കുട്ടിയുടെ പെരുമാറ്റം. ഈ സമയത്ത് കാഷ്വാലിറ്റിയിലുണ്ടായിരുന്ന പലരും കൈപിടിച്ച് െകാടുക്കുന്നതടക്കമുള്ള സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഛർദിച്ചതിനെ തുടർന്ന് കുടുംബശ്രീ ശുചീകരണ ജോലിക്കാർ ഇവിടെ കഴുകി വൃത്തിയാക്കാനെത്തിയിരുന്നു. വിശദ പരിശോധനയുമായി ബന്ധപ്പെട്ട് സി.ടി സ്കാനിങ്ങിനായും ഹാഷിമിനെ മറ്റൊരു ഭാഗത്ത് െകാണ്ടുപോയിരുന്നു. കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച ശേഷം കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. അതിനാലാണ് കൂടുതൽ പേർ അടുത്തിടപഴകിയത്. ആരോഗ്യപ്രവർത്തകരിലേറെയും കൃത്യമായി മാസ്കും ഗ്ലൗസും ധരിച്ചിരുന്നു. മസ്തിഷ്കജ്വര ലക്ഷണങ്ങളുണ്ടെങ്കിൽ നിപ സംശയിച്ച് പരിശോധിക്കണമെന്ന നിർദേശം പാലിച്ചിരുന്നെങ്കിൽ കുട്ടിയെ പെട്ടെന്ന് ഐെസാലേഷനിലാക്കാനും സമ്പർക്കം തീരേ കുറക്കാനും കഴിയുമായിരുന്നു.
നിപ ബാധിത പ്രദേശത്ത് വിപുല സർവേ
മാവൂർ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ മരണമുണ്ടായ സാഹചര്യത്തിൽ പ്രതിരോധനടപടികൾ ശക്തിപ്പെടുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം. തിങ്കളാഴ്ച രാവിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ പി.ടി.എ. റഹീം എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നിലവിൽ നിപ സ്ഥിരീകരിച്ച വാർഡ് ഒമ്പതിൽ വിപുലമായ സർവേ നടത്തും. രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിച്ചവർ, സമീപ കാലത്ത് മരിച്ചവർ, ഇവരുടെ മരണകാരണം, രോഗലക്ഷണം, വളർത്തുമൃഗങ്ങൾക്കുണ്ടായ രോഗങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെ പ്രത്യേക വളൻറിയർമാരെ ഉപയോഗിച്ചാണ് സർവേ നടത്തുക.
പാഴൂർ പ്രദേശത്തോട് ചേർന്ന മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ കർശനമാക്കും. ജനങ്ങൾ പുറത്തുപോകാൻ പാടില്ല. അത്യാവശ്യ സാധനങ്ങൾ ആർ.ആർ.ടിമാർ മുഖേന ലഭ്യമാക്കും. അവശ്യവസ്തുക്കൾ എത്തിക്കാൻ 20 അംഗ വളൻറിയർ സംഘത്തെ ചുമതലപ്പെടുത്തി. നിത്യോപയോഗ സാധനങ്ങൾ കടകളിൽ എത്തിച്ചുനൽകാനുള്ള വാഹനങ്ങൾക്കു മാത്രമേ അനുമതി നൽകുകയുള്ളൂ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. വവ്വാലുകളെ ആവാസ സ്ഥലത്തെത്തി നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി വിവരമുണ്ട്. ഇത് വൈറസ് വ്യാപനത്തിന് ഇടയാക്കും. ഈ പ്രവണത തടയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.