കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിലും വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സക്കെത്തുന്നവർക്ക് കുറവില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസേന 10 മതൽ 20 വരെ കേസുകളാണ് റോഡപകടത്തിൽ പരിക്കേറ്റ് എത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ പറഞ്ഞു.
കൈകളുടെയും കാലുകളുടെയും എല്ലുകൾ പൊട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലും നിരവധി പേരാണ് ദിവസവും ആശുപത്രിയിലെത്തുന്നത്. നിലവിൽ ആശുപത്രിയിൽ താഴെ നില പൂർണമായും കോവിഡ് രോഗികൾക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. മുകൾനിലകൾ മാത്രമാണ് മറ്റു രോഗികൾക്കായിട്ടുള്ളത്.
അവിടെയാണെങ്കിൽ രോഗികൾ നിറഞ്ഞ് തറയിൽ കിടക്കേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഇതിൽ കോവിഡ് രോഗികൾ ഉണ്ടോ എന്നുള്ള കാര്യം പോലും കൃത്യമായി കണ്ടെത്താനാവാത്ത അവസ്ഥയാണ്. ആൻറിജൻ പരിശോധന നടത്തിയാണ് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നത്.
അതിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് ആൻറിജൻ പരിശോധന നെഗറ്റിവ് ആയാലും ആർ.ടി .പി.സി.ആർ നടത്തി രോഗം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കും. അതിനനുസരിച്ചാണ് രോഗികളെ മാറ്റുക.
അതിനിടെ മറ്റു രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ കോവിഡ് അവരിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.