കോഴിക്കോട്: പനി അടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോഴും ആവശ്യത്തിന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (ജെ.പി.എച്ച്.എൻ) ഇല്ലാത്തത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ 118 ജെ.പി.എച്ച്.എൻ പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന മേഖലയിൽ മെറ്റേണിറ്റി ലീവിലും മറ്റ് അനാരോഗ്യം കാരണമുള്ള ലീവിലും ആവുന്നതോടെ പ്രതിരോധപ്രവർത്തനം വലിയ വെല്ലുവിളിയാവുകയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ജെ.പി.എച്ച്.എൻ പ്രവർത്തിക്കുന്നത്. ജെ.പി.എച്ച് നഴ്സുമാരുടെ കുറവ് കാരണം വാർഡ് തല ശുചീകരണം, ജല സ്രോതസ്സുകളിലെ ക്ലോറിനേഷൻ, ഗർഭിണികളുടെ രജിസ്ട്രേഷൻ, കുത്തിവെപ്പ്, വിറ്റമിൻ ഗുളിക വിതരണം, കുഞ്ഞുങ്ങളുടെ കുത്തിവെപ്പ്, അമ്മയും കുഞ്ഞും പദ്ധതി വഴി സഹായം വിതരണം ചെയ്യൽ, കുടുംബാസൂത്രണ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയവ താറുമാറാവുകയാണ്.
പോളിയോ വാക്സിനേഷൻ, മന്ത് ഗുളിക വിതരണം, വിര പ്രതിരോധം എന്നിവ യഥാസമയം നടത്താൻ കഴിയുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ മേലധികാരികളും ആരോഗ്യ പ്രവർത്തകരും വ്യക്തമാക്കുന്നു. എൻ.സി.ഡി ക്ലിനിക്, വിവാ ക്ലിനിക്, ജെറിയാട്രിക് ക്ലിനിക്, അഡോളസന്റ് ക്ലിനിക് എന്നിവയുടെ പ്രവർത്തനത്തെയും ബോധവത്കരണ പ്രവർത്തനങ്ങളെയും ജെ.പി.എച്ച്.എൻ ഒഴിവുകൾ ബാധിക്കുന്നുണ്ട്.
പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, തുടങ്ങിയ പകർച്ച വ്യാധികൾ വ്യാപിക്കുമ്പോൾ വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൃത്യമായി നടപ്പാക്കാൻ കഴിയാത്തത് ആശങ്ക വർധിപ്പിക്കുകയാണ്. 7000 മുതൽ 10,000 വരെ ജനസംഖ്യയുള്ള പ്രദേശങ്ങളിലേക്ക് ഒരു ജെ.പി.എച്ച്.എൻ എന്നാണ് ചട്ടം.
ഇപ്രകാരം ഹെൽത്ത് സെന്ററിൽ അഞ്ചും ആറും ജെ.പി.എച്ച് നഴ്സുമാരാണ് ഉണ്ടാവുക. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാലും അഞ്ചും വാർഡുകൾ ചേർത്ത് ഒരു സബ് സെന്റർ രൂപവത്കരിക്കുകയാണ് ചെയ്യുന്നത്. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടും അതിലധികവും ജെ.പി.എച്ച് നഴ്സുമാരുടെ ഒഴിവാണുള്ളത്. എന്നാൽ ആവശ്യത്തിന് ആളുകൾ ഇല്ലാത്തതിനാൽ രണ്ടു സെന്ററുകളുടെ പ്രവർത്തനം വരെ ഒരാൾ ചെയ്ത് തീർക്കേണ്ട അവസ്ഥയാണ്.
ആവശ്യത്തിന് ആളില്ലാത്തതിനാൽ അധിക സമയം ജോലി ചെയ്താണ് തീർക്കുന്നത്. രാത്രി 12 വരെ ഇരുന്നാണ് ഗർഭിണികളുടെ രജിസ്ട്രേഷൻ, കുട്ടികളുടെ വാക്സിനേഷൻ അടക്കമുള്ളവ ആർ.സി.എച്ച് പോർട്ടലിൽ അപ് ലോഡ് ചെയ്തുതീർക്കുന്നതെന്ന് നഴ്സുമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.