എകരൂൽ: ഗെയിൽ വാതക പൈപ്പ് ലൈനിൽ ഉണ്ടാകുന്ന അപകടങ്ങളും തുടർന്ന് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങളും നേരിട്ട് കാണിക്കുന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓഫ് സൈറ്റ് മോക്ഡ്രിൽ ജനങ്ങളിൽ ആദ്യം ഭയവും പിന്നീട് കൗതുകവും ഉണർത്തി. എകരൂൽ കിനാലൂർ റോഡിൽ മഠത്തിൽ താഴെ വയലിലായിരുന്നു മോക്ഡ്രിൽ.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗെയിൽ പൈപ്പ് ലൈനിനടുത്ത് കുഴിയെടുക്കുമ്പോൾ പൈപ്പ് ലൈനിൽ തട്ടി സ്ഫോടനം ഉണ്ടാകുന്നതും അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതുമെല്ലാം ആളുകൾ ഉദ്വേഗത്തോടെ നോക്കിനിന്നു. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിൽ സ്വീകരിക്കേണ്ട ജാഗ്രതയും വേഗവും എല്ലാം പ്രതിഫലിപ്പിച്ചായിരുന്നു മോക്ഡ്രിൽ.
അപകടവിവരം ലഭിച്ച ഉടൻ പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഗതാഗതവും ജനസഞ്ചാരവും നിർത്തിവെച്ചായിരുന്നു രക്ഷാപ്രവർത്തനം. ബോധരഹിതനായ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപറേറ്ററെ ആശുപത്രിയിലേക്കും പരിസരവാസികളെ ഉണ്ണികുളം ഗവ. യു.പി സ്കൂളിലെ ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിക്കുന്നതും അവതരിപ്പിച്ചു.
ഗെയിൽ പൈപ്പ് ലൈൻ സുരക്ഷയെക്കുറിച്ചും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നത് സംബന്ധിച്ചും ബോധവത്കരണം നൽകി. കലക്ടറേറ്റിലെ ജില്ല എമർജൻസി ഓപറേഷൻ സെന്ററിൽ ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരിയുടെ അധ്യക്ഷതയിൽ അവലോകന യോഗംചേർന്നു. കോഴിക്കോട് ഫയർ സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജ്, ബാലുശ്ശേരി എസ്.ഐ പി. റഫീഖ്, തഹസിൽദാർ സി. സുബൈർ, സി. രാജേഷ്, പി. അശ്വതി, കെ.വി. റംഷീന, ഇ.കെ. രാജീവ് കുമാർ, എം.എച്ച്. റൗഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഗെയിൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പൈപ്പ് ലൈനിനുസമീപം അഞ്ചു മീറ്ററിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതും വലിയ മരങ്ങൾ നടുന്നതും കുഴികൾ ഉണ്ടാക്കുന്നതും നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. പ്രവൃത്തികൾ നടത്തുന്നതിനുമുമ്പ് ഗെയിൽ അധികൃതരിൽനിന്ന് അനുമതി വാങ്ങണം. നിയമവിരുദ്ധ പ്രവർത്തനങ്ങളോ വാതകചോർച്ചയോ ശ്രദ്ധയിൽപെട്ടാൽ 15101 നമ്പറിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.