കോഴിക്കോട്: പേരാമ്പ്രയിൽ നടക്കുന്ന റവന്യൂ ജില്ലാ കലോൽസവത്തിന് ഒരു കിലോ പഞ്ചസാര വീതം കൊണ്ടുവരണമെന്ന് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ വിദ്യാർഥികൾക്ക് രേഖാമൂലം നിർദേശം നൽകിയത് വിവാദത്തിൽ. സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാനാധ്യാപികയാണ് രക്ഷിതാക്കൾക്ക് ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയത്. പഞ്ചസാരയോ അല്ലെങ്കിൽ 40 രൂപയോ കൊണ്ടുവരണമെന്നാണ് നോട്ടീസിലുള്ളത്. ഞായറാഴ്ചയാണ് റവന്യൂ ജില്ലാ കലോത്സവം തുടങ്ങുന്നത്.
കലോത്സവം നടക്കുമ്പോൾ വിഭവസമാഹരണത്തിന്റെ ഭാഗമായി ചില സാധനങ്ങൾ വീടുകളിൽ നിന്ന് കൊണ്ടുവരാൻ വിദ്യാർഥികളോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ അത് അടിച്ചേൽപിക്കാറില്ല. ഇത്തരത്തിൽ ഉത്തരവായി പുറത്തിറക്കുന്നത് ആദ്യമായാണ്.
റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവിഭവ സമാഹരണത്തിന്റെ ഭാഗമായി ഓരോ സ്കൂളിനും ഓരോ ഇനങ്ങളാണ് നൽകിയിരിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വിചിത്രമായ ഈ ആവശ്യത്തോടെ രക്ഷിതാക്കളിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.