ഓമശ്ശേരി: പനയിൽനിന്നുവീണ് അരയ്ക്കുതാഴെ തളർന്ന യുവാവ് ജീവിതപാതയിൽ പുതുവഴിയിലേക്ക്. വെളിമണ്ണ ഏലിയാമ്പ്രമല രതീഷ് (43) ആണ് ജീവിതം മെല്ലെ കെട്ടിപ്പൊക്കുന്നത്. കൂട്ടായി അമ്മ മാളുവും സഹായത്തിനായി നാട്ടുകാരും ഒപ്പമുണ്ട്.
പതിനെട്ടാം വയസ്സിലാണ് ആനത്തൊഴിലാളിയായി രതീഷ് ജീവിതമാരംഭിച്ചത്. 24 വർഷം മുമ്പ് ആനക്കു തീറ്റക്കായി കയറിയ പനയിൽനിന്ന് ഓലവെട്ടുമ്പോൾ വീണ് അപകടത്തിൽപ്പെടുകയായിരുന്നു. നട്ടെല്ല് തകർന്നതിനെ തുടർന്ന് ദീർഘകാലം ചികിത്സിച്ചു. ഫലമുണ്ടായില്ല. ഏഴുന്നേൽക്കാനായില്ല. പുറംലോകം കാണാനാകില്ല എന്ന നിരാശയിൽ വെളിമണ്ണ ചെങ്കുത്തായ മലയിലെ വീട്ടിനുള്ളിൽ കഴിഞ്ഞുകൂടി. പിന്നീട് എൽ.ഇ.ഡി ബൾബ്, കുട തുടങ്ങിയവ നിർമിച്ചു റിപ്പയർ ചെയ്തു. സർക്കാർ വാതിലുകൾ മുട്ടിയപ്പോൾ 1400 രൂപ മാസാന്ത പെൻഷൻ ലഭിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ നൽകിയ പരാതിയിൽ 30,000 രൂപ ധനസഹായം ലഭിച്ചു.
ഏറെ ഉപകാരമായത് 2016 ൽ വെളിമണ്ണ കെ.എം.സി.സി പ്രവർത്തകർ നൽകിയ മുച്ചക്ര സ്കൂട്ടറാണ്. ഇതോടെ പ്രതീക്ഷയുടെ ചിറകുവിരിഞ്ഞു. സ്കൂട്ടറുമായി വെളിമണ്ണ അങ്ങാടിയിലേക്ക് മെല്ലെ യാത്രയായി. ഇവിടെ കളിക്കൂട്ടുകാരെ കാണാനായി. അവരുടെ സഹായത്തോടെ ശ്രമം തുടർന്നു. വായ്പയെടുത്ത് ഓട്ടോറിക്ഷ സംഘടിപ്പിച്ചു. വീടുവരെ റോഡും വന്നു. അങ്ങനെ അരക്കെട്ടിന് താഴെ തളർന്ന രതീഷ് മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചു. അടിയന്തര സന്ദർഭങ്ങളിൽ ഓമശ്ശേരി ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകരും നാട്ടുകാരും ഓടിയെത്താറുണ്ടെന്ന് രതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.