പന്തീരാങ്കാവ്: പാലക്കാട്-കോഴിക്കോട് ഹരിതപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ നടപടികൾ നവംബർ അഞ്ചുവരെ നീട്ടി. ജില്ല ഭരണകൂടവും ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായുള്ള ചർച്ചയെത്തുടർന്നാണ് നടപടി.
കെട്ടിട, ഭൂവുടമകൾക്കും വ്യാപാരികൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തിൽ വ്യക്തത ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പെരുമണ്ണയിൽ ഇരകളുടെ ആക്ഷൻ കമ്മിറ്റി നടപടികൾ തടഞ്ഞിരുന്നു.
തുടർന്ന് ചൊവ്വാഴ്ചയിലെ യോഗത്തിൽ തീരുമാനമെടുക്കാമെന്ന ധാരണയിൽ ഇന്നലെവരെ നടപടി നിർത്തിവെക്കുകയായിരുന്നു. വില നിർണയത്തിന് ആധാരങ്ങൾ സംഘടിപ്പിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കാണ് നവംബർ അഞ്ചുവരെ വീണ്ടും സമയപരിധി നീട്ടിയത്.
ഇരകൾക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് മന്ത്രിതല തീരുമാനം വേണമെന്നും അതിന് ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ആക്ഷൻ കമ്മിറ്റി ജനപ്രതിനിധികൾക്ക് നിവേദനം നൽകിയിരുന്നു.
കോഴിക്കോട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ ലാൽ ചന്ദ്, തഹസിൽദാർ ദിനേഷ് കുമാർ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, സി. ഉഷ, എം.എ. പ്രതീഷ്, വി.പി. കബീർ, ദിനേഷ് പെരുമണ്ണ, കെ.ടി. മൂസ, രഞ്ജിത്ത് അരമ്പച്ചാലിൽ, കെ.ഇ. ഫസൽ, പി.ടി.എ സലാം, റഷീദ് കച്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.