കോഴിക്കോട് : കോവിഡ്പ്രതിദിന കണക്കുകൾ ആയിരത്തിന് താഴെയായിട്ടും ത്രിതല ചികിത്സ സൗകര്യം നൽകുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ബാഹുല്യം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് മാറ്റിവെച്ച താഴെ നിലയിലെ വാർഡുകൾ എല്ലാം നിറഞ്ഞിരിക്കുകയാണ്. എങ്കിലും കിടക്കകൾ ഇല്ലാത്ത അവസ്ഥ ആശുപത്രിയിൽ ഇല്ലെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുമായി 117 കോവിഡ് രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ദിവസവും 30 േപരെ പ്രവേശിപ്പിക്കുന്നു. എൻ.ഐ.ടി, ഇഖ്റ , ഹോമിയോ മെഡിക്കൽ കോളജ്, ഐ.എം.ജി എന്നിവിടങ്ങളിലെ 637 കോവിഡ് രോഗികളും മെഡിക്കൽ കോളജിന് കീഴിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
കോവിഡ് മൂലം ഗുരുതരാവസ്ഥയിലായ രോഗികളുടെ എണ്ണവും വർധിക്കുന്നു. നിലവിൽ 28 അതിഗുരുതര രോഗികൾ ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. അതേസമയം, മരണനിരക്കിൽ ചെറിയ കുറവുണ്ട്. മുമ്പ് ശരാശരി ഏഴ് മരണം ഉണ്ടായിരുന്നെങ്കിൽ ഒരാഴ്ചയായി മൂന്ന് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.
രണ്ടും മൂന്നും തവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന വൃക്കരോഗികൾ ആണ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ മെഡി. കോളജിൽ ചികിത്സ തേടിയവരിൽ ഭൂരിഭാഗവും. എന്നാൽ, ഡയാലിസിസ് സൗകര്യം കുറവാണ്. നേരത്തേ പേ വാർഡിന് സമീപം യൂനിറ്റ് തുടങ്ങുകയും ഡയാലിസിസ് നടത്തുകയും ചെയ്തിരുന്നു. രോഗികളുടെ ബാഹുല്യം കാരണം ഡയാലിസിസിന് കാത്തുനിൽക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വീണ്ടും അഞ്ച് യൂനിറ്റുകൾ തുടങ്ങി. ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യാൻ നാലു മണിക്കൂർ വേണം. ആറ് യൂനിറ്റുകൾ ഉണ്ടെങ്കിൽ പോലും ഇത്ര അധികം രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കുന്നില്ല. ഇവ നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ദിവസവും ശരാശരി 12 മുതൽ 20 വരെ രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നുണ്ടെന്ന് വൃക്കരോഗ വിദഗ്ധൻ ഡോ. ഇ.കെ ജയകുമാർ പറഞ്ഞു. രണ്ടിലേറെ ഡയാലിസിസ് ചെയ്യുന്നവർക്ക് അതനുസരിച്ച് നൽകാനാവുന്നില്ല. രോഗികളുടെ ബാഹുല്യമാണ് അതിനു തടസ്സം എന്നും ഡോക്ടർ പറഞ്ഞു.
അതിനിടെ ജീവനക്കാരുടെ ഇടയിൽ രോഗം വ്യാപിക്കുന്നതിന് ശമനമായിട്ടില്ല. എന്നാൽ. ഹൈറിസ്ക് കോൺടാക്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി അടുത്തിടപഴകിയ വരെ മാറ്റിനിർത്തുന്നില്ല. എല്ലാവരും പി.പി.ഇ ധരിക്കുന്നതിനാൽ രോഗം പകരാനുള്ള സാധ്യത കുറവാണെന്നുകണ്ടാണ് ഈ നിലപാട് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എല്ലാവരെയും മാറ്റിനിർത്തുകയാണെങ്കിൽ ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.