ബാലുശ്ശേരി: താമരശ്ശേരി താലൂക്കിൽപ്പെട്ട കാന്തലാട് വില്ലേജിലെ ഒരങ്കോകുന്ന്, തലയാട്, മണ്ടോപ്പാറ എന്നീ കോളനികളിലായി താമസിച്ചുവരുന്ന 54 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാനുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി അർഹരായ എല്ലാവർക്കും കാലതാമസം കൂടാതെ പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമെന്നതെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. കെ.എം. സചിൻ ദേവ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കാന്തലാട് വില്ലേജിൽ 1961/2, 2006/1 എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെട്ടതും പാറ,പാറപ്പുറമ്പോക്ക് വിഭാഗത്തിൽ ഉൾപ്പെട്ട് വരുന്നതുമായ ഭൂമിയിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം നിയോജക മണ്ഡലം അസംബ്ലിയിൽ ഉയർന്നു വന്നിട്ടുള്ളതും പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെട്ട് ഒന്നാംഘട്ട അദാലത്ത് പരിഗണിച്ചിട്ടുള്ളതുമാണ്. പാറപുറമ്പോക്ക് ഇനത്തിൽപ്പെട്ട ഭൂമിയിൽ പാറ ഉൾപ്പെടുന്ന ഭാഗം മാത്രം പാറ പുറമ്പോക്കാക്കി നിലനിർത്തിയും പാറ ഒഴികെയുള്ള വാസയോഗ്യമായ ഭൂമി അളന്നുതിരിച്ച് തരിശാക്കി മാറ്റി, കൈവശക്കാരുടെ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി പതിച്ച് നൽകുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാന്തലാട് വില്ലേജിലെ പട്ടയ വിഷയം പട്ടയ അദാലത്തിൽ പരിശോധിച്ചിരുന്നു. തുടർന്ന് കൈവശക്കാരുടെയും നിലവിലെ കൈവശ ഭൂമിയുടെ വിസ്തീർണവും, പട്ടയത്തിനായി അപേക്ഷിച്ച ഭൂമിയുടെ വിസ്തീർണവും പട്ടയം അനുവദിക്കാവുന്ന വിസ്തീർണവും വ്യക്തമായി റിപ്പോർട്ട് ചെയ്യുന്നതിന് ലാൻഡ് റവന്യൂ കമീഷണർ ജില്ല കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കലക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.