പേരാമ്പ്ര: ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ സാംബവ വിദ്യാർഥികളോടുള്ള അപ്രഖ്യാപിത അയിത്തത്തിനെതിരെ രണ്ടാംഘട്ട പ്രവേശനോത്സവവുമായി കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം). കഴിഞ്ഞ വർഷം കാവുന്തറയിലും കാവുംവട്ടവുമുള്ള ആറു വിദ്യാർഥികളാണ് ഈ സ്കൂളിൽ പ്രവേശനം നേടിയതെങ്കിൽ ഈ വർഷം പേരാമ്പ്രയിൽ ഉൾപ്പെടെയുള്ള ആറു വിദ്യാർഥികളാണ് വെൽഫെയർ സ്കൂളിൽ പ്രവേശനം നേടി ചരിത്രത്തിെൻറ ഭാഗമായത്.
എരവട്ടൂർ കിഴക്കെ വെളിച്ചിക്കുളങ്ങര കെ.പി. സാജിദ് -നസീഹ ദമ്പതികളുടെ മക്കളായ യാസിൻ സാജിദ് (നാലാം തരം), ഫഹ്സിൻ-സാജിദ് (രണ്ടാം തരം), എരവട്ടൂർ കിഴക്കെ വെളിച്ചികുളങ്ങര കെ.പി. റഷീദ് -ആർ.കെ. നദ ദമ്പതികളുടെ മകൾ ഹെദ മർയം (മൂന്നാം തരം), എടവരാട് കരുവെൻറ മീത്തൽ അഷ്റഫ് -ഷംസിദ ദമ്പതികളുടെ മകൻ ഹാമി അഷ്റഫ് (ഒന്നാംതരം) പേരാമ്പ്ര കൂളിക്കണ്ടി മീത്തൽ ഷമീർ - സുൽഫത്ത് ദമ്പതികളുടെ മകൻ ഹാനിൻ സഹറാൻ, എലങ്കമൽ താഴെ തൈക്കണ്ടി ടി.ടി. ആസിഫിെൻറ മകൾ നഷ റാസിഫ് എന്നിവരാണ് വെള്ളിയാഴ്ച സ്കൂളിൽ പ്രവേശനം നേടിയത്.
കഴിഞ്ഞ വർഷം ആദ്യം 13 സാംബവ സമുദായത്തിൽപെട്ട വിദ്യാർഥികൾ മാത്രമാണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. ഈ ജൂൺ അവസാനത്തോടെ ഇഹാൻ റഷീദ്, നിഹ ഐറിൻ, സാലിസ്, നബ്ഹാൻ, സിയ ഹിന്ദ്, ഹന്ന റഷീദ എന്നിവർ പ്രവേശനം നേടി ജാതീയതക്കെതിരെ ആദ്യ ചുവടുവെച്ചു. ഇവരെല്ലാം കെ.എസ്.ടി.എമ്മിെൻറ നേതാക്കളുടെയും അംഗങ്ങളുടെയും മക്കളായിരുന്നു. ഈ വർഷം മൂന്നു വിദ്യാർഥികൾ നാലാംതരത്തിൽനിന്ന് വിജയിച്ചു.
ഒന്നാംതരത്തിൽ രണ്ട് സാംബവ വിദ്യാർഥികൾ മാത്രമായിരുന്നു പ്രവേശനം നേടിയത്. ഈ വർഷം ആറുപേർ കൂടി എത്തിയതോടെ 24 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ സ്കൂളിനോടുള്ള അപ്രഖ്യാപിത അയിത്തം 'മാധ്യമ'മാണ് പുറത്തുകൊണ്ടുവന്നത്.
പ്രധാനാധ്യാപിക ശാന്ത കുട്ടികളുടെ രജിസ്ട്രേഷൻ നടത്തി. ജില്ല പ്രസിഡൻറ് വി.പി. അശ്റഫ്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, കൊയിലാണ്ടി ഉപജില്ല പ്രസിഡൻറ് രാജു, മേപ്പയൂർ ഉപജില്ല പ്രസിഡൻറ് റഷീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.