കോഴിക്കോട്: സേന വളർച്ചയുടെ ഓരോഘട്ടവും വ്യക്തമാക്കുന്ന രേഖകളും മറ്റും ഉൾക്കൊള്ളിച്ച് വടക്കൻ കേരളത്തിലാദ്യമായി തുടങ്ങിയ പൊലീസ് മ്യൂസിയം അടഞ്ഞുകിടക്കുന്നു. സിറ്റി പൊലീസ് മേധാവി ഓഫിസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന മ്യൂസിയമാണ് അടഞ്ഞുകിടക്കുന്നത്. ഇവിടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പിൻവലിച്ചതായാണ് വിവരം. അഞ്ചു വർഷത്തിലേറെ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിലാണ് കോഴിക്കോട്ട് പൊലീസ് മ്യൂസിയം യാഥാർഥ്യമായത്. സംസ്ഥാനത്തെ രണ്ടാമത്തെ പൊലീസ് മ്യൂസിയം 2021 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. സിറ്റി പൊലീസ് മേധാവി ഓഫിസ് വളപ്പിലെ പഴയ വനിത സെൽ ഓഫിസ് പ്രവർത്തിച്ച കെട്ടിടം നവീകരിച്ച് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ആദ്യകാലത്ത് പൊലീസുകാർ ഉപയോഗിച്ച വസ്തുക്കൾ മുതൽ ചരിത്രരേഖകൾ വരെയുള്ളവ പൊതുജനങ്ങളിൽനിന്നടക്കമാണ് ഇവിടേക്ക് ശേഖരിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ പൊലീസിന്റെ മുഖമുദ്രയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ ലോഹമുദ്ര, അക്കാലത്ത് പൊലീസ് യൂനിഫോമിൽ അണിഞ്ഞിരുന്ന റോയൽ ക്രൗൺ ബട്ടണുകളുടെ മാതൃകകൾ, വിവിധ കാലങ്ങളിൽ പൊലീസ് സേന പ്രഥമശുശ്രൂഷക്കായി ഉപയോഗിച്ചിരുന്ന സാധനങ്ങൾ എന്നിവയെല്ലാമാണ് ഇവിടെ ഒരുക്കിയിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന സെന്റ് ജോൺ ആംബുലൻസ് സർവിസ് പൊലീസിന് നൽകിയ ഫസ്റ്റ് എയ്ഡ് പെട്ടിയും ഇക്കൂട്ടത്തിലുണ്ട്.
എല്ലുപൊട്ടിയാൽ വെച്ചുകെട്ടാനുള്ള വിവിധ മരച്ചീളുകൾ, അന്നത്തെ മരുന്നുകൾ എന്നിവയടക്കമുള്ളവയാണ് ഈ പെട്ടിയിലുള്ളത്. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മ്യൂസിയം സന്ദർശിക്കാൻ അവസരവും നൽകിയിരുന്നു. എന്നാൽ, കാലക്രമേണ ആളുകളുടെ വരവ് കുറഞ്ഞതോടെയാണ് മ്യൂസിയം അവഗണനയിലായത്.
കേരള സ്കൂൾ കലോത്സവത്തിന് വിവിധ ജില്ലകളിൽനിന്നായി ആയിരക്കണക്കിന് കുട്ടികൾ നഗരത്തിലെത്തുമ്പോൾ മ്യൂസിയം അടച്ചിടരുത് എന്നാണ് സേനാംഗങ്ങൾതന്നെ പറയുന്നത്. വേണ്ടത്ര പ്രചാരം നൽകി ആളുകളെ ഇങ്ങോട്ട് ആകർഷിക്കണമെന്നും ഇവിടേക്ക് ചരിത്ര രേഖകൾ ഉൾപ്പെടെ കൈമാറിയവർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.