കോഴിക്കോട്: പിടികൂടിയ വാഹനങ്ങൾകൊണ്ട് വീർപ്പുമുട്ടിയ സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് വാഹനങ്ങൾ നീക്കംചെയ്യുന്നു. കേസും ഉടമസ്ഥനുമില്ലാതെ പൊലീസ് സ്റ്റേഷനിൽ വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ ലേല നടപടികളിലേക്ക് നീങ്ങിയതോടെയാണ് സ്റ്റേഷനുകളും പരിസരവും മോചിതമാകുന്നത്.
സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തൊണ്ടിമുതലായിക്കിടക്കുന്ന 500ഓളം വാഹനങ്ങളാണ് ലേലത്തിനു വെക്കുന്നത്. നിലവിൽ ഈ വാഹനങ്ങൾക്കൊന്നും അവകാശികളില്ലെന്നു മാത്രമല്ല, അന്വേഷണമോ വിചാരണയോ കോടതിയുടെ പ്രത്യേക പരിഗണനയോ ഇല്ലാത്ത വാഹനങ്ങളാണിവ. സ്റ്റേഷനിൽ സ്ഥലമില്ലാത്തതിനാൽ ഇവ സ്റ്റേഷൻ പരിസരത്തും റോഡരികിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കാലപ്പഴക്കംമൂലം വാഹനങ്ങൾ പലതും തുരുമ്പെടുത്തു നശിച്ചിരുന്നു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കുന്ന വാഹനങ്ങളാണ് ലേലത്തിൽ വിൽക്കാനൊരുങ്ങുന്നത്.
ഡിസംബർ ആറിന് ലേലം ചെയ്യാനാണ് തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കേസുകളിൽപ്പെടുന്ന വാഹനങ്ങൾ സ്റ്റേഷൻ വളപ്പുകളിൽ അനന്തമായി സൂക്ഷിക്കേണ്ടതില്ലെന്ന സർക്കാർ നിർദേശം പാലിക്കാത്തതാണ് വാഹനം കൂടിക്കിടക്കുന്നതിന് കാരണമാകുന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പും എക്സൈസും പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയിൽ സൂക്ഷിക്കരുതെന്ന് സർക്കാർ നിർദേശം നിലവിലുണ്ടെങ്കിലും പാലിക്കപ്പെടാത്തതാണ് തൊണ്ടിമുതലായ വാഹനങ്ങൾകൊണ്ട് സ്റ്റേഷൻ പരിസരം കുന്നുകൂടുന്നത്.
ലേലത്തിനുള്ളവയിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. ബേപ്പൂർ, ചെമ്മങ്ങാട്, ചേവായൂർ, എലത്തൂർ, ഫറോക്ക്, കസബ, കുന്ദമംഗലം, മാറാട്, മാവൂർ, മെഡി. കോളജ്, നടക്കാവ്, നല്ലളം, പന്നിയങ്കര, പന്തീരാങ്കാവ്, ടൗൺ, ട്രാഫിക്, വെള്ളയിൽ, ബേപ്പൂർ കോസ്റ്റൽ പൊലീസ് എന്നിവിടങ്ങളിലാണ് സ്റ്റേഷൻ പരിസരത്തും പുറത്തുമായി വാഹനങ്ങൾ കുന്നുകൂടിയുള്ളത്.
ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത്. 90 വാഹനങ്ങളാണിവിടെയുള്ളത്. ഇവയിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. ടൗൺ സ്റ്റേഷനിൽ 84 , ചേവായൂർ 64, കുന്ദമംഗലം 62, കസബ 38, ബേപ്പൂർ നാല്, എലത്തൂർ 10, ഫറോക്ക് 21, മാറാട് 14, മാവൂർ 20, മെഡി. കോളജ് 14, നടക്കാവ് 21, നല്ലളം 14, പന്നിയങ്കര 21, പന്തീരാങ്കാവ് ആറ്, വെള്ളയിൽ മൂന്ന്, ബേപ്പൂർ കോസ്റ്റൽ ഒന്ന് എന്നിങ്ങനെയാണ് വാഹനങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.